നെല്‍വയല്‍ നശിക്കുന്നു
എരുമപ്പെട്ടി: പഴവൂര്‍ ത്രീസ്റ്റാര്‍ മെറ്റല്‍ ക്രഷറില്‍ നിന്നും കരിങ്കല്‍ പൊടി ഒഴുകിയെത്തി പാടശേഖരത്തില്‍ അടിഞ്ഞ് കൂടിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഏക്കര്‍ കണക്കിന് നെല്‍വയല്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. വേലൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പഴവൂര്‍ പാടശേഖരത്തിലെ 25ഏക്കര്‍ നെല്‍വയലാണ് കരിങ്കല്‍ പൊടി മൂടി കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിട്ടുള്ളത്.
പഴവൂര്‍ കുന്നില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രഷറില്‍ നിന്ന് സ്ലെറിയെന്ന് പറയുന്ന മാലിന്യമാണ് പാടശേഖരത്തിലേക്ക് ഒഴുക്കി വിടുന്നത്. കരിങ്കല്‍ പൊടിച്ച് മണല്‍ നിര്‍മിക്കുമ്പോള്‍ വരുന്ന രാസവസ്തുക്കള്‍ കലര്‍ന്ന അവശിഷ്ടം പാടശേഖരത്തിലേക്ക് ഒഴുകിയെത്തി പരന്ന് നെല്‍വയലുകളില്‍ സിമന്റ് പോലെ ഉറച്ച് കിടക്കുകയാണ്.
ഇത് കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. 25 ഏക്കര്‍ പാടശേഖരത്തില്‍ 6 ഏക്കര്‍ കൃഷിയോഗ്യമല്ലയെന്ന് കൃഷി വകുപ്പിന്റെ കണക്കിലുണ്ട്.
പാടശേഖരത്തിനോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് പൊതുകുളങ്ങള്‍ മാലിന്യം അടിഞ്ഞ് കൂടി പൂര്‍ണമായും മൂടപ്പെട്ട നിലയിലാണ്. ഇതോടെ പഴവൂര്‍ കോട്ടപ്പുറം റോഡും സഞ്ചാരയോഗ്യമല്ലാതായി. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലും കൃഷിഭവനിലും, കലക്ടര്‍ക്കും കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അനുകൂലമായ നടപടികള്‍ ഇതുവരേയും കൈകൊണ്ടിട്ടില്ല.
പാടശേഖരത്തില്‍ നിറഞ്ഞ് കിടക്കുന്ന കരിങ്കല്‍ പൊടി നീക്കം ചെയ്യാമെന്ന് ക്രഷര്‍ അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ ജിയോളജി വകുപ്പിനും പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിലും പരാതി നല്‍കിയത്.ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പാടശേഖരത്തില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."