കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചകേസില്‍ സന്യസ്തസഭയ്‌ക്കെതിരേ പൊലിസ് നടപടി തുടങ്ങി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സ്ത്രീപീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിനെതിരേ കന്യസ്ത സഭ മിഷണറീസ് ഓഫ് ജീസസിനെതിരേ പൊലിസ് നടപടി തുടങ്ങി.
സംഭവത്തില്‍ സഭയ്ക്ക് പൊലിസ് ഉടന്‍ നോട്ടിസ് അയയ്ക്കും. സഭയുടെ പിആര്‍ഒ സിസ്റ്റര്‍ അമലയെ വിളിച്ചുവരുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പൊലിസ് കടന്നേക്കും.
കുറ്റാരോപിതനായ ബിഷപ്പിനെ ന്യായീകരിക്കാനിറക്കിയ വാര്‍ത്താകുറിപ്പിനോടൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രവും സഭ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
ഇരയുടെ മുഖം തിരിച്ചറിയുന്നവിധം ചിത്രം നല്‍കിയാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന മുഖവുരയോടെയാണ് വാര്‍ത്താകുറിപ്പിന്റെ ഭാഗമായി ചിത്രവും നല്‍കിയത്.
കന്യാസ്ത്രീകള്‍ക്കെതിരേ സഭ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പമാണ് ബിഷപ്പിന്റെകൂടെ കന്യാസ്ത്രീ ഇരിക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചത്.
പീഡനക്കേസുകളിലെ ഇരകളെ തിരിച്ചറിയാവുന്ന വിധത്തില്‍ ചിത്രമോ പേരോ പ്രസിദ്ധീകരിക്കരുതെന്ന സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ ലംഘനമാണ് സഭയുടെ നടപടി.
2015 മെയ് 23ന് ഫ്രാങ്കോ മുളയ്ക്കല്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തുവെന്ന് തെളിയിക്കാനായിരുന്നു ഈ ചിത്രം നല്‍കിയത്.
ഒരു വീട് വെഞ്ചരിപ്പ് ചടങ്ങിന് ആവേശത്തോടെയാണ് അധികാരികളെ വിളിച്ച് അനുവാദം വാങ്ങി കന്യാസ്ത്രീ പങ്കെടുത്തതെന്നും ഇതുപോലെ നിരവധി പരിപാടികളില്‍ അങ്ങോട്ട് അനുവാദം ചോദിച്ച് ബിഷപ്പിനൊപ്പം പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ലൈംഗിക പീഡനത്തിനിരയാക്കിയ വ്യക്തിയോടൊപ്പം ഒരു സ്ത്രീ യാത്ര ചെയ്യുകയോ സ്വയം അനുവാദം ചോദിച്ച് പങ്കെടുക്കുകയോ ചെയ്യില്ലെന്നും കുറിപ്പില്‍ ന്യായീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."