മഹാരാഷ്ട്രയില്‍നിന്ന് സവാളയുമായി പുറപ്പെട്ട ലോറി 'കാണ്‍മാനില്ല'
കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും 22 ലക്ഷം രൂപ വില വരുന്ന സവാള ലോഡുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ലോറി കാണാനില്ലെന്ന പരാതിയുമായി എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരി. ലോഡ് മറിച്ച് വില്‍പന നടത്തി ഫോണെടുക്കാതെ ഡ്രൈവര്‍ മുങ്ങിയതാണെന്ന സംശയവുമായി എറണാകുളം മാര്‍ക്കറ്റിലെ എ.എച്ച്.എസ് വെജിറ്റബിള്‍സ് ഉടമ അലി മുഹമ്മദ് സിയാദാണ് സെന്‍ട്രല്‍ പൊലിസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച അഹമ്മദ് നഗര്‍ ജില്ലയിലെ മഹാരാഷ്ട്ര കൃഷി ഉത്പാദന സമിതിയുടെ മൊത്ത വിതരണ ചന്തയില്‍ നിന്നും കയറ്റിവിട്ട 25 ടണ്‍ സവാള ലോറിയാണ് ഇനിയും ഇവിടെയെത്താത്തത്.
ബുധനാഴ്ചയെങ്കിലും എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയും എത്താതെ വന്നതോടെയാണ് അലി മുഹമ്മദ് പൊലിസില്‍ പരാതി നല്‍കിയത്. കെ.എല്‍.02.എ.എസ്.6300 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയുടെ ഡ്രൈവറെ നിരന്തരമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബെല്ലടിക്കുന്നതല്ലാതെ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതിക്കാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് അഹമ്മദ് നഗറിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവിടെ നിന്നും ലോഡ് കൃത്യമായി കയറ്റിവിട്ടിട്ടുണ്ടെന്നാണ് അവിടെ നിന്നും ലഭിച്ച മറുപടി.
അവരുടെ ഓഫിസിന് മുന്നില്‍ ലോഡിന് വേണ്ടി കാത്തുനില്‍ക്കുന്ന ലോറിയുടെയും ഡ്രൈവറുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ അയച്ച് തരികയും ചെയ്തു.ലോറി ഉടമയായ കളമശ്ശേരി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍ സവാള ലോഡ് എടുക്കാനല്ല തന്റെ ലോറി പോയിരിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നും സിയാദ് വ്യക്തമാക്കി. ഡ്രൈവര്‍ ആലുവ സ്വദേശിയാണെന്നാണ് അറിയുന്നതെന്നും സിയാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."