പമ്പ പാതയുടെ രണ്ടാംഘട്ട നിര്‍മാണം: പൊടിയില്‍ ശ്വാസംമുട്ടി ജനം
തുറവൂര്‍: റോഡ് പുനര്‍നിര്‍മാണം തുടങ്ങിയതോടെ പൊടിയില്‍ ശ്വാസം മുട്ടി ജനം.
പമ്പാ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായി തുറവൂര്‍കവല മുതല്‍ മാക്കേക്കടവ് ജെട്ടി വരെയുള്ള ഭാഗത്താണ് മെറ്റലും മെറ്റല്‍ പൊടിയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് റോഡിന്റെ ഉയരം കൂട്ടുന്ന ജോലികള്‍ നടക്കുന്നത്. ആദ്യഘട്ടമായി പള്ളിത്തോട് മുതല്‍ ചാവടി വരെയുളള റോഡ് ഉയരം കൂട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ കാര്യമായ പൊടിശല്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇന്നലെ മുതല്‍ കാലവസ്ഥ മാറി വെയില്‍ വന്നതോടെ റോഡിനിരു വശവുമുള്ള വീട്ടുകാര്‍ക്കും വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും പൊടി ശല്യം ദുരിതമാകുകയാണ്. ഗതാഗതം പൂര്‍ണമായി നിരോധിക്കാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഉയരുന്ന പൊടി ഇരുവശങ്ങളിലുമുള്ള വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവര്‍ക്ക് തുമ്മല്‍,ചുമ,ആസ്മ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍. ശക്തമായ വെയിലുള്ള ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ റോഡില്‍ വെള്ളമൊഴിച്ച് പൊടി ഉയരുന്നത് തടയാന്‍ നടപട ിസ്വീകരിച്ചിരുന്നു. എന്നാല്‍ ഇവിടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനോ വെള്ളമൊഴിച്ച് പൊടി ശല്യം ഒഴിവാക്കാനോ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
വെയിലുള്ള ദിവസങ്ങളിലെങ്കിലും പൊടി ഉയരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ച് പൊടിയുടെ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."