ചൈനയുടെ സിനോവക് കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം സഊദിയിൽ പൂർത്തിയായി, വിതരണം അന്തിമ അനുമതിക്ക് ശേഷം
റിയാദ്: ചൈനയുടെ സിനോവക് കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം സഊദിയിൽ പൂർത്തിയായി. എന്നാൽ, കാര്യമായ പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത വാക്സിൻ വിതരണത്തിന് സഊദി ഫുഡ് ആൻഡ് ഡ്രക്സ് അതോറിറ്റി അനുമതി നൽകിയിട്ടില്ല. അതോറിറ്റി അനുമതി ലഭിക്കുന്നതോടെ വാക്സിൻ രാജ്യത്ത് വിതരണത്തിനെത്തും. ചൈനയിലെ വാക്സിൻ നിർമ്മാതാക്കളായ സിനോവക് ബയോടെക്കുമായി സഊദിയിലെ കിങ് അബ്ദുള്ള ഇന്റർനാഷണൽ മെഡിക്കൽ റിസർച്ച് സെന്റർ വാക്സിൻ കൈമാറ്റത്തിനായി കരാർ ഒപ്പ് വെച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ ഏഴായിരം പേർക്ക് വിതരണം ചെയ്യാനായാണ് കരാർ. കിങ് അബ്ദുള്ള സെന്റർ ഫോർ നാഷണൽ ഗാർഡിൽ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്. വാക്സിൻ പരീക്ഷണത്തിൽ ഇത് വരെ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിൻ എടുത്തവർക്ക് ചെറിയ തോതിലുള്ള പനി, തലവേദന എന്നിവ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, ഏതെങ്കിലും വൈറസിനെതിരെ വാക്സിനേഷൻ നൽകുമ്പോൾ അത് സാധാരണമാണെന്ന് റിയാദ് റീജിയണൽ ലബോറട്ടറി ബയോമോളികുൾസ് ആന്റ് സൈറ്റോജെനെറ്റിക്സ് വിഭാഗം മേധാവി ആരിഫ് അൽ അംരി അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയുമായുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി വിവിധ വാക്സിനുകൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട 10 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് ജിദ്ദയിലെ കിങ് അബ്ദുള്ള ഇന്റർനാഷണൽ മെഡിക്കൽ റിസർച്ച് സെന്റർ വാക്സിൻ യൂണിറ്റ്.
നിലവിൽ സഊദിയിൽ 346,880 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതിൽ 333,409 പേർ രോഗമുക്തരാകുകയും 5,383 രോഗികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 8,088 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 766 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."