വികസനരംഗത്ത് രാഷ്ട്രീയം കാണരുത്: രമേശ് ചെന്നിത്തല
കരുവാറ്റ: വികസന രംഗത്ത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരു പോലെ പ്രവൃത്തിക്കാന്‍ തയ്യാറായാല്‍ നാട് പുരോഗതിയുടെ അത്യുന്നതിയില്‍ എത്തിച്ചേരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കരുവാറ്റക്കാരുടെ ആവേശമായ കരുവാറ്റ പുത്തന്‍ചുണ്ടന്‍ നീറ്റിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവാറ്റ ലീഡിങ് ചാനല്‍ ജലോത്സവത്തിന് ഹോംമിനിസ്റ്റേഴ്‌സ് ട്രോഫി എന്ന് പുനര്‍നാമകരണം ചെയ്ത് ജലോത്സവം ഭംഗിയായി സംഘടിപ്പിക്കുവാന്‍ എം.എല്‍.എ എന്ന നിലയില്‍ താന്‍ പരമാവധി സഹായിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. അപ്പര്‍ കുട്ടനാട്ടിലെ മിടുക്കരായ യുവാക്കള്‍ സംഘടിച്ച് ബോട്ട് ക്ലബ്ബുകള്‍ക്ക് രൂപം നല്‍കണം. നെഹ്‌റുട്രോഫിയിലടക്കം മത്സരിക്കുന്ന കൂടുതല്‍ ചുണ്ടന്‍വള്ളങ്ങളും ഹരിപ്പാട്ടാണ് ഉള്ളതെന്നത് അഭിമാനാര്‍ഹമായ കാര്യമാണ്.
ജലോത്സവ സമിതിയുടെ ഫണ്ടും ടൂറിസം വകുപ്പിന്റെ ഫണ്ടും കൂടി ചെലവഴിച്ച് ഈ വള്ളത്തിന്റെ പണിപൂര്‍ത്തീകരിക്കുവാന്‍ രാജശില്‍പ്പി പരേതനായ കോയിമുക്ക് നാരായണാചാരിയുടെ മകന്‍ ഉമാമഹേശ്വരനും സംഘവും എടുത്ത പരിശ്രമത്തെ ചെന്നിത്തല അഭിനന്ദിച്ചു. നെഹ്‌റുട്രോഫിയിലടക്കം വഞ്ചിപ്പാട്ട് പാടുന്ന കലാകാരന്മാരുടെ നിവേദനം പരിഗണനയിലെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചുണ്ടന്‍വളളം നിര്‍മ്മിച്ച മുഖ്യശില്‍പ്പിയെ പ്രതിപക്ഷ നേതാവ് പൊന്നാട നല്‍കി ആദരിച്ചു. ഈ വളളത്തിനായി പ്രവര്‍ത്തിച്ച പരേതനായ കിഴക്കടത്ത് രാഘവന്‍ നായരെ സ്മരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്. ആദ്യകാല പ്രസിഡന്റായ പി.കെ അച്യുതന്‍ നായരെ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. മുന്‍ സെക്രട്ടറി പത്മനാഭ കുറുപ്പിനെ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.കെ കുറുപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. വളളത്തിന്റെ ഒന്നാം പങ്കായം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സന്തോഷ് കുഞ്ഞുമോനു നല്‍കി. ഒന്നാം തുഴ സി.സുജാത (കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) കൊച്ചുമോനു നല്‍കി. ഇടിയന്‍ -സുരേഷ് കളരിക്കല്‍ സുരേന്ദ്രന്‍ വെളളുക്കേരിക്ക് നല്‍കി.വളളം നീറ്റിലിറക്കുന്ന കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യശില്‍പ്പിയെ വളളത്തില്‍ കയറ്റി ജീസസ് ബോട്ട് ക്ലബ്ബും നാട്ടുകാരും ചേര്‍ന്ന് പായിപ്പാട്ട് ആറ്റില്‍ ആദ്യ തുഴച്ചില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."