ഇരുളും നിശബ്ദതയും വഴിമാറി; ഇവരുടെ വിജയത്തിന് പൊന്നിന്‍ തിളക്കം
ഫറോക്ക്: കാഴ്ചയുടെ വര്‍ണലോകവും ശബ്ദതരംഗങ്ങളുടെ മധുരവും അനുഭവിച്ചറിയാത്ത കൊളത്തറ വികലാംഗ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ നേടിയ വിജയത്തിന് പൊന്നിന്‍ തിളക്കം. കൊളത്തറ റഹ്മാന്‍ ബസാറിലെ കാലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ദി ഹാന്‍ഡികേപ്ഡില്‍ നിന്ന് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയ 54 പേരും വിജയിച്ചത് സ്‌കൂളിനും അധ്യാപകര്‍ക്കും അഭിമാന നേട്ടമായി. ഏഴാം തവണയാണ് ഈ ഭിന്നശേഷി വിദ്യാലയം നൂറുമേനി വിജയം കരസ്ഥമാക്കുന്നത്. സാധാരണ കുട്ടികളെ പോലെ പരീക്ഷ എഴുതിയാണ് ഇവര്‍ പരിമിതികളെ തോല്‍പ്പിച്ച് മികവ് തെളിയിച്ചത്.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കഠിനപ്രയത്‌നത്തിന്റെ ഫലമാണ് തുടര്‍ച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കാന്‍ സ്‌കൂളിന് സാധിച്ചതെന്ന് പ്രധാനാധ്യാപകന്‍ സി.എ അബ്ദുറസാഖ് പറഞ്ഞു. ഹ്യൂമാനിറ്റീസിലും കൊമേഴ്‌സിലുമാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞപ്പോഴെ മുഴുവന്‍ പേരും വിജയിക്കുമെന്ന് അധ്യാപകര്‍ ഉറപ്പിച്ചിരുന്നു. അന്ധരായ 21 പേരും ബധിരരായ 25 പേരും എട്ടു സാധാരണ വിദ്യാര്‍ഥികളുമാണ് ഇവിടെ നിന്ന് ഇത്തവണ പരീക്ഷക്കിരുന്നത്. ഹയര്‍ സെക്കന്‍ഡറിതലത്തില്‍ കാഴ്ചശക്തിയില്ലാത്തവരെ പഠിപ്പിക്കുന്ന സംസ്ഥാനത്തെ എക വിദ്യാലയമാണ് കൊളത്തറയിലേത്. ബ്രെയില്‍ ലിപിയിലൂടെയും വിഷ്വല്‍ എയ്ഡിലൂടെയുമാണ് വിദ്യാര്‍ഥികളെ പാഠഭാഗങ്ങള്‍ പരിശീലിപ്പിക്കുന്നത്.
കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിനെത്തുന്നുണ്ട്. ആധുനിക യന്ത്രസഹായത്തോടെയുള്ള പരിശോധനകളും പഠനസൗകര്യങ്ങളുമുള്ള ഇവിടെ ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ 12 അധ്യാപകരാണ് ഇവിടെയുള്ളത്.
ഇവര്‍ക്കൊപ്പം സാധാരണ വിദ്യാര്‍ഥികളെയും പഠിപ്പിക്കാനുള്ള അനുമതി 2015-ലാണ് വിദ്യാലയത്തിന് ലഭിച്ചത്. ഇത്തരത്തില്‍ പഠിച്ചിറങ്ങുന്ന ആദ്യത്തെ ബാച്ചാണിത്. മറ്റു സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാത്തവരാണ് ഇവിടെയെത്തിയവരില്‍ അധികവും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള പരിശീലനം ഇവരുടെ പഠനനിലവാരം മെച്ചപ്പെടുത്തിയെന്നും അധ്യാപകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."