കരോലിനയില്‍ മരണം 5
ന്യൂ ബേണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളെ പിടിച്ചുലച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരണസംഖ്യ അഞ്ചായി. നോര്‍ത്ത് കരോലിനയില്‍ തീരപ്രദേശത്തെ തകര്‍ത്തുകളഞ്ഞ കാറ്റിലും മഴയിലും ശക്തമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണില്‍ വീടിനു മുകളിലേക്ക് മരം വീണ് മാതാവും കുഞ്ഞും വടക്കന്‍ വില്‍മിങ്ടണിലെ പെന്‍ഡര്‍ കൗണ്ടിയില്‍ യുവതിയും ലെനോയിര്‍ കൗണ്ടിയില്‍ രണ്ടു വയോധികരുമാണ് അപകടത്തില്‍ മരിച്ചത്. നേരത്തെ തന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നതിനാലാണ് അപകടത്തിന്റെ തോത് കുറഞ്ഞത്. എട്ടു ലക്ഷത്തോളം വീടുകളെയും വാണിജ്യ സ്ഥാപനങ്ങളെയും കാറ്റ് ബാധിച്ചിട്ടുണ്ട്. നോര്‍ത്ത് കരോലിനയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
വെള്ളിയാഴ്ച തന്നെ കാറ്റിന്റെ തീവ്രത കുറഞ്ഞിരുന്നു. എന്നാല്‍, മണിക്കൂറില്‍ 112 കി.മീറ്റര്‍ വേഗതയില്‍ തന്നെ കാറ്റ് തുടര്‍ന്നു. ഇന്നലെ മണിക്കൂറില്‍ 80 കി.മീറ്റര്‍ വേഗതയിലേക്ക് കാറ്റിന്റെ തീവ്രത കുറഞ്ഞത് ആശ്വാസകരമായിട്ടുണ്ട്. നോര്‍ത്ത് കരോലിനയില്‍നിന്ന് സൗത്ത് കരോലിനയിലേക്ക് എട്ട് കി.മീറ്റര്‍ വേഗതിയില്‍ കാറ്റ് നീങ്ങുകയാണ്. കാറ്റ് തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത മഴയില്‍ വ്യാപക വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരു കരോലിനകളിലുമായി 40 ഇഞ്ച് വരെ മഴ ലഭിക്കുമെന്നാണു വിവരം.
കനത്ത മഴയും കടല്‍ക്ഷോഭവും മൂലം മേഖലയില്‍ നേരത്തെ തന്നെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചുഴലിക്കാറ്റ് ശക്തമായതോടെ പത്തു ലക്ഷത്തിലേറെ ആളുകളോട് വീടുകളില്‍നിന്നു മാറി താമസിക്കാന്‍ നിര്‍ദേശിച്ചു. നോര്‍ത്ത് കരോലിനയില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ എട്ടു മാസത്തെ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."