ഫൈനലില്‍ ഇന്ത്യക്ക് കാലിടറി
ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. മാല്‍ഡീവ്‌സിനോട് 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടം മുതലുള്ള ഇന്ത്യയുടെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ മാല്‍ഡീവ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള മധുരപ്രതികാരവും ചെയ്താണ് മാല്‍ഡീവ്‌സ് സാഫ് കപ്പ് ചാംപ്യന്‍മാരായത്. തുടക്കം മുതല്‍ തന്നെ ഇന്ത്യ കളിയില്‍ താളം കിട്ടാതെ കുഴങ്ങി. 33 ശതമാനം ബോള്‍ പൊസിഷന്‍ മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളു. എതിര്‍ പോസ്റ്റിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ ആകെ ഒരു ഷോട്ട് മാത്രമാണ് എടുത്തത്.
മാല്‍ഡീവ്‌സ് തൊടുത്ത രണ്ട് ഷോട്ടും ലക്ഷ്യത്തിലെത്തുകയായിരുന്നു. പല സമയത്തും കളി പരുക്കനായി മാറിയപ്പോള്‍ മാല്‍ഡീവ്‌സ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഇന്ത്യന്‍ താരം സുഭാഷിഷ് ബോസിനും മഞ്ഞക്കാര്‍ഡ് കിട്ടി. 19-ാം മിനുട്ടിലായിരുന്നു ഇന്ത്യക്ക് തിരിച്ചടിയായി ആദ്യ ഗോള്‍ പിറന്നത്. ഇബ്രാഹീം മഹൂദിയിലൂടെയായിരുന്നു മാല്‍ഡീവ്‌സിന്റെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗോള്‍ മടക്കുന്നതിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും മടക്കാനായില്ല. രണ്ടാം പകുതിക്ക് ശേഷം 66-ാം മിനുട്ടില്‍ രണ്ടാം ഗോളും നേടി മാല്‍ഡീവ്‌സ് ലീഡ് ഉയര്‍ത്തി. അലി ഫാസിറായിരുന്നു മാല്‍ഡീവ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഗോള്‍ മടക്കാനുള്ള തീവ്ര ശ്രമത്തിനിടെ 92-ാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍ പിറന്നത്.
സുമീത് പിസ്സിയായിരുന്നു ഇന്ത്യക്കായി ഗോള്‍ നേടിയത്. സമനില ഗോള്‍ നേടുന്നതിനായി ശ്രമിക്കുന്നതിന് മുമ്പെ മത്സരം അവസാനിച്ചതോടെ തോല്‍വിയുമായി ഇന്ത്യന്‍ താരങ്ങള്‍ മടങ്ങി. ഇന്ത്യന്‍ ടീമിന്റെ മുന്‍നിര താരങ്ങളെല്ലാം ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് വിദേശത്തും മറ്റുമായതിനാല്‍ അണ്ടര്‍ 23 ടീമിനെയായിരുന്നു സാഫ് കപ്പിനായി അയച്ചിരുന്നത്. തുടക്കം മുതല്‍ തന്നെ ഇന്ത്യ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലില്‍ പ്രകടനം മങ്ങിപ്പോവുകയായിരുന്നു.
പരാജയത്തില്‍ ഖേദമില്ലെന്നും പ്രതീക്ഷിച്ചതിലും വലിയ പ്രകടനമാണ് ടീം നടത്തിയതെന്നും പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. എ.എഫ്.സി കപ്പടക്കമുള്ള മത്സരത്തിന് ഈ ടൂര്‍ണമെന്റ് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം കുറിച്ചു. രണ്ടാം തവണയാണ് മാല്‍ഡീവ്‌സ് ഇന്ത്യയെ പരാജയപ്പെടുത്തി സാഫ് കപ്പില്‍ കിരീടം ചൂടുന്നത്. ഇതിന് മുമ്പ് മാല്‍ഡീവ്‌സിലും ശ്രീലങ്കയിലുമായി നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തി മാല്‍ഡീവ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സ്‌ട്രൈക്കര്‍ മാന്‍വീര്‍ സിങ്ങിനെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."