ആള്‍ക്കൂട്ടങ്ങളെ ചിന്തിപ്പിച്ച ദാര്‍ശനികന്‍
സ്‌ലിമിന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലം വിദ്യാഭ്യാസരംഗമാണ്. ഖുര്‍ആന്‍ തുടങ്ങുന്നതുതന്നെ വായിക്കാന്‍ കല്‍പ്പിച്ചുകൊണ്ടാണല്ലോ. അങ്ങനെയൊരു മാതൃകാ മുസ്‌ലിമാണ് കഴിഞ്ഞയാഴ്ച അന്തരിച്ച സൈദ് മുഹമ്മദ് നിസാമി. എല്ലാ വിദ്യയും നുകരാനും പകരാനും മാറ്റിവച്ചതായിരുന്നു ആ ജീവിതം. ഒരു പുരുഷായുസ് മുഴുവനും ആ പണ്ഡിതന്‍ എഴുതി, പ്രസംഗിച്ചു, അധ്യാപനം നടത്തി.
പുതിയ അറിവുകളുടെയും ഉള്‍ക്കാഴ്ചകളുടെയും കേദാരമായിരുന്നു നിസാമിയുടെ പ്രസംഗങ്ങള്‍. തന്റെ ജ്ഞാനമണ്ഡലത്തെ അദ്ദേഹം നിരന്തരം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. എന്തും വായിക്കാനും മനസിലാക്കിയെടുക്കാനും അതീവ തൃഷ്ണ കാണിച്ചു. എല്ലാം ഓര്‍ത്തുവയ്ക്കാനുമുള്ള അപൂര്‍വസിദ്ധി കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളൊക്കെയും പുതുമയുള്ളതായിരുന്നു. സഹൃദയ കേരളം ഇത്രകാലം ആവേശം ചോരാതെ മറ്റാരെയും കേട്ടിരിക്കില്ല. പ്രസംഗ രംഗത്ത് പലവിധ തരംഗങ്ങള്‍ വന്നുപോയ്‌ക്കൊണ്ടിരുന്നപ്പോഴും നിസാമി തരംഗം എന്നും മാറ്റമില്ലാതെ നിലനിന്നു. വിജ്ഞാനത്തോടും പ്രസംഗകലയോടും നിസാമി കണിശമായി പുലര്‍ത്തിപ്പോന്ന പഥ്യങ്ങളായിരുന്നു അതിനു ഹേതുകം. ജീവിതത്തിനാകെ ഒരു ചിട്ടയും ശൈലിയും അദ്ദേഹം നിശ്ചയിച്ചു. നിശ്ചയിച്ച കാര്യങ്ങള്‍ക്കേ ഇറങ്ങൂ. നിശ്ചയിച്ച വിഷയങ്ങളേ കൈകാര്യം ചെയൂ. നിശ്ചയിച്ചത്ര മാത്രമേ സംസാരിക്കൂ. അദ്ദേഹത്തിന്റെ വിഷയത്തില്‍ എപ്പോഴും അദ്ദേഹത്തിന്റേതു മുഖ്യപ്രഭാഷണമായിരിക്കും. എവിടെയും അവസരം കിട്ടണമെന്നാഗ്രഹിച്ചിരുന്നില്ല. അനവസരങ്ങളില്‍ വലിഞ്ഞുകയറി 'രണ്ടു വാക്കു' പറയാന്‍ അദ്ദേഹം മുതിര്‍ന്നതുമില്ല. ആരും പറയാത്തതും കേള്‍ക്കാത്തതുമായ എന്തെങ്കിലും എല്ലാ പ്രസംഗത്തിലുമുണ്ടാകും. അങ്ങനെ എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ വലിയ പ്രാപ്തി അദ്ദേഹത്തിനുണ്ടായിരുന്നു. വലിച്ചുനീട്ടി മടുപ്പിക്കാറുണ്ടായിരുന്നില്ല അദ്ദേഹം. നാം നിറുത്തരുതേ എന്നാഗ്രഹിക്കുമ്പോള്‍ അദ്ദേഹം നിറുത്തി; 'വമാ തൗഫീകീ ഇല്ലാ ബില്ലാ' എന്നു പറഞ്ഞ്.
സൈദ് മുഹമ്മദ് നിസാമി ചെന്നു പ്രസംഗിക്കാത്ത പ്രദേശങ്ങള്‍ വിരളമായിരിക്കും മുസ്‌ലിം കേരളത്തില്‍. പലയിടത്തു പോകുമ്പോഴും പണ്ട് പ്രസംഗം കേട്ട ഓര്‍മയില്‍ ആളുകള്‍ അദ്ദേഹത്തോടു സ്‌നേഹം കാണിക്കാന്‍ വന്നുകൊണ്ടിരുന്നു. ആ സ്‌നേഹബന്ധങ്ങള്‍ മുതലെടുക്കാന്‍ ഒരിക്കലും അദ്ദേഹം മിനക്കെട്ടതുമില്ല. വല്ലാത്ത കുലീനതയുണ്ടായിരുന്നു ആ വ്യക്തിത്വത്തിന്. അദ്ദേഹം സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞു, അപ്പോള്‍ ജനങ്ങളും അദ്ദേഹത്തെ തിരിച്ചറിഞ്ഞു.
പ്രസംഗത്തിനു ക്ഷണിക്കാന്‍ വരുന്നവര്‍ക്കു കാര്യം വളരെ ആശ്വാസകരമായിരുന്നു. ഒരുപാട് കൂട്ടിക്കിഴിച്ചു ഡയറി മറിക്കാതെ തീരുമാനം പറയും. പറഞ്ഞാല്‍ മാറ്റമുണ്ടാകില്ല. സമയത്തെത്തും; തൃപ്തിപ്പെടുത്തും. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ ഞെരുങ്ങേണ്ടിവരികയുമില്ല. എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ പ്രഭാഷണം. യുവാക്കള്‍ അദ്ദേഹത്തെ സാകൂതം കേട്ടു. ഏറാതെ കുറയാതെയുള്ള ലളിത സുന്ദരമായ ഭാഷയും ശൈലിയും. ജീവിതം, മതം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിനു വ്യക്തവും കണിശവുമായ നിലപാടുകളുണ്ടായിരുന്നു. നിലപാടുകളുടെ പേരില്‍ ആരോടും പിണങ്ങാതെ മുന്നോട്ടുപോയി. എഴുത്തിലും പ്രസംഗത്തിലും നിലപാടുകള്‍ സുന്ദരമായി പ്രകടിപ്പിച്ചു. തന്റെ വേദികള്‍ വിദ്യകളുടെ സമന്വയത്തിനു വേണ്ടിയും സ്ത്രീശാക്തീകരണത്തിനുവേണ്ടിയും അദ്ദേഹം ആരോഗ്യകരമായി ഉപയോഗിച്ചു.
ഗ്രന്ഥങ്ങളായും ആനുകാലിക ലേഖനങ്ങളായും നിസാമി ധാരാളം എഴുതി. അറിവിനോടുള്ള അദ്ദേഹത്തിന്റെ അടുപ്പം ഗാഢമായിരുന്നു. പ്രസംഗത്തിനും എഴുത്തിനും മാറ്റിവച്ചതായിരുന്നു ആ ജീവിതം. മറ്റനേകം കാര്യങ്ങള്‍ക്ക് അദ്ദേഹം ഇറങ്ങിത്തിരിച്ചിരുന്നില്ല. വിദ്യകളുടെ സമന്വയവുമായി വാഫി-വഫിയ്യ സംവിധാനം ജന്മംകൊണ്ടപ്പോള്‍ അദ്ദേഹം അതിനുവേണ്ടി രംഗത്തുവന്നു. വാഫി സംവിധാനത്തെ മുന്നില്‍നിന്നു നയിച്ചു. അതിന്റെ മേല്‍വിലാസമായി മാറി നിസാമി. തുടക്കംമുതല്‍ വാഫി അക്കാദമിക് കൗണ്‍സിലില്‍ ഡയരക്ടറായി അദ്ദേഹം കഠിനാധ്വാനം ചെയ്തു. അനാരോഗ്യം വകവയ്ക്കാതെ കോളജുകളില്‍ ഓറിയന്റേഷന്‍ നടത്തി. ദീര്‍ഘകാലമായി അദ്ദേഹത്തിന്റെ വസതിയായിരുന്നു അക്കാദമിക് കൗണ്‍സിലിന്റെ മാരത്തണ്‍ ചര്‍ച്ചകളുടെ കളരി. ഉച്ചകഴിഞ്ഞു തുടങ്ങി അര്‍ധരാത്രിവരെ നീളുന്ന യോഗങ്ങള്‍ അദ്ദേഹം അക്ഷീണം നിയന്ത്രിച്ചു. വിഭവസമൃദ്ധമായ വിരുന്നും ഒരുക്കി. വിയോഗത്തിനുതൊട്ടുമുന്‍പ് നടന്ന യോഗം (ജൂലൈ 28) അദ്ദേഹത്തിന്റെ വസതിയില്‍ നടത്തുന്നതിന് അസൗകര്യമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അത് അവിടെത്തന്നെയാകണമെന്ന് ആഗ്രഹിച്ചു. അന്നും ദീര്‍ഘദീര്‍ഘം ഒറ്റയിരിപ്പിരുന്നു. രണ്ടുനാള്‍ കഴിഞ്ഞു ശാരീരികാസ്വാസ്ഥ്യം വന്നു ആശുപത്രിയിലായി. അങ്ങനെ ഞങ്ങള്‍ക്കു മഹാനായ പിതാവിനെ നഷ്ടമായി.
വിദ്യാര്‍ഥി വിദ്യാര്‍ഥിനികളോട് അദ്ദേഹം സുദീര്‍ഘമായി സംവദിച്ചിരുന്നു. പുതിയ തലമുറ പഴമയുടെ ആ കടമരത്തിന്റെ തണലില്‍ പുതിയ സമസ്യകള്‍ക്കു പൂരണം തേടി. വിശാലമായ ചരിത്രജ്ഞാനത്തിന്റെ പിന്‍ബലത്തില്‍ അദ്ദേഹം അവരെ ആവേശപ്പെടുത്തി. നഷ്ടപ്രതാപത്തിന്റെ വണ്ണവലിപ്പത്തെക്കുറിച്ച് അവര്‍ക്കു വലിയ ബോധമുണ്ടാക്കി. ആ ബോധം അവരെ പ്രതിബദ്ധതയിലേക്കാനയിക്കുന്നു. പത്തുവര്‍ഷംമുന്‍പ് വഫിയ്യ പ്രസ്ഥാനം തുടങ്ങുമ്പോള്‍ ആധുനികലോകം സ്ത്രീസമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന കറുത്ത വെളിച്ചത്തെക്കുറിച്ച് അദ്ദേഹത്തിലെ ദാര്‍ശനികന്‍ വാചാലമായി വിദ്യാര്‍ഥിനികളോടു സംസാരിച്ചു. ഈ കോഴ്‌സ് സ്ത്രീ പാണ്ഡിത്യത്തിന് അടിത്തറയിടുകയാണെന്നും അദ്ദേഹം എഴുതി. അദ്ദേഹം പണിത അടിത്തറയില്‍ മുഖ്യധാരാ മുസ്‌ലിം സ്ത്രീ സമൂഹത്തിന്റെ മുന്നേറ്റം ഒരു തരംഗമായി രൂപപ്പെട്ടുകഴിഞ്ഞു. ഗുരുവേ, അങ്ങയുടെ ജീവിതം സാര്‍ഥകമാണ്.
മാതൃകാമുസ്‌ലിമാണ് സൈദ് മുഹമ്മദ് നിസാമി എന്ന് എപ്പോഴും തോന്നാറുണ്ട്. ദീര്‍ഘനാളത്തെ ഇടപഴക്കത്തില്‍ ബോധ്യപ്പെട്ട യാഥാര്‍ഥ്യമാണത്. ഏറാതെയും കുറയാതെയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം. വ്യക്തിജീവിതം വിശുദ്ധി നിറഞ്ഞതായിരുന്നു. ബന്ധങ്ങളില്‍ വല്ലാത്തൊരു നിഷ്‌കളങ്കത അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. പ്രകടനപരതയോ അമിതോക്തിയോ കാപട്യമോ അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല. ഇല്ലാത്ത സ്‌നേഹം നടിക്കുകയോ, ഉണ്ടെന്നു നമ്മോടു പറയാതെ പറഞ്ഞ സ്‌നേഹത്തില്‍നിന്നു നാം പ്രതീക്ഷിക്കുന്നതു നിഷേധിക്കുകയോ അദ്ദേഹം ചെയ്തില്ല. നമുക്ക് അദ്ദേഹത്തെ പ്രതീക്ഷിക്കാം, സമീപിക്കാം. തെളിഞ്ഞ കാലാവസ്ഥയിലായിരിക്കും എപ്പോഴും.
കൊണ്ടുനടക്കുന്ന ആരാധനാരൂപങ്ങളും ചിട്ടകളും ഒട്ടും തെറ്റിക്കാതെ നോക്കും. നല്ല വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ദിക്‌റ്. കണ്ണിയത്ത് ഉസ്താദിനെ കുറിച്ചും മടവൂര്‍ സി.എം വലിയുല്ലാഹിയെക്കുറിച്ചുമൊക്കെ നല്ല വാക്കുകള്‍ ധാരാളമായി ഓര്‍ത്തുപറയും. വേണ്ടതൊക്കെ ലോഭമില്ലാതെ പറയും. പക്ഷേ കുറ്റങ്ങള്‍ പറയാന്‍ വലിയ മടിയായിരുന്നു. മാതൃകാപരമായിരുന്നു അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയും. കുലീനത പൂത്തുലഞ്ഞുനില്‍ക്കുന്നതായിരുന്നു വസതി. എപ്പോഴും ഞങ്ങള്‍ കൂടിയാലോചനകള്‍ക്കു ചെല്ലും. ആദ്യം ചെല്ലുമ്പോളെന്നപോലെയാണു വീട്ടുകാരുടെ സല്‍ക്കാരം. ഹൃദ്യമായ വേഷത്തില്‍ ഒരുങ്ങിയായിരിക്കും കാത്തുനില്‍പ്പ്. മനം നിറഞ്ഞ സ്വീകരണം. നേരെ വിഷയങ്ങളിലേക്കു പ്രവേശിക്കും. വിഷയങ്ങളുടെ മര്‍മങ്ങള്‍ കണ്ടെത്തുന്നതിനും തീരുമാനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും അനാരോഗ്യം, തിരക്കുകള്‍ ഒന്നും തടസമായിരുന്നില്ല.
കണ്ണിയത്ത് ഉസ്താദ് ഗുരു എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഓര്‍മകളില്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്നു. ഉസ്താദിന്റെ കേള്‍ക്കാത്ത കഥകള്‍ പലതും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ശബ്ദം ഇടറാതെ അദ്ദേഹം പറയുന്ന കഥകള്‍ നമ്മെ കരയിപ്പിക്കും. പഴമക്കു ഹൃദയത്തിന്റെ ഭാഷ്യം പകരാന്‍ വല്ലാത്ത സിദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു പുതിയ ആളാണ് അദ്ദേഹമെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകാം. അക്ഷരാര്‍ഥത്തില്‍ പാരമ്പര്യങ്ങളുടെയും പഴമയുടെയും വക്താവായിരുന്നു അദ്ദേഹം. പുതിയ കായ്കനികള്‍ നല്‍കുന്ന തായ്മരം. പഴമയുടെ സൗന്ദര്യം സുന്ദരമായി വരച്ചുകാട്ടാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചിട്ടുണ്ട്. ആ വര കൃത്യമായിരുന്നു. യാഥാര്‍ഥ്യമായിരുന്നു. ആ വരകളാണ് വാഫിയുടെ ഭ്രമണപഥവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."