പ്ലസ്ടുവിലും മലപ്പുറത്തിന് 'പ്ലസ് '
മലപ്പുറം: എസ്.എസ്.എല്‍.സിയിലെ മിന്നുംജയത്തിനു പിന്നാലെ പ്ലസ്ടു ഫലത്തിലും ജില്ലയ്ക്കു നേട്ടം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വിജയ ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ടായി. ഉപരിപഠനത്തിനു യോഗ്യത നേടിയവരുടെ എണ്ണത്തിലും ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി.
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 81.43 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 81.08 ശതമാനമായിരുന്നു വിജയ ശതമാനം. ഇത്തവണ 83.37 ശതമാനം വിജയമാണ് സംസ്ഥാനത്തുള്ളത്. വിജയശതമാനത്തില്‍ ഒന്‍പതാം സ്ഥാനത്താണ് മലപ്പുറം. തുടര്‍ച്ചയായി സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജില്ല കഴിഞ്ഞ വര്‍ഷമാണ് ഒന്‍പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ ജില്ലയെന്ന നേട്ടം ഇത്തവണയും മലപ്പുറത്തിനാണ്. ജില്ലയിലെ 243 സ്‌കൂളുകളിലായി 53,703 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 43,733 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.35 ശതമാനം വര്‍ധനവാണ് ഇത്തവണ. 2015ല്‍ 85.55ഉം 2016 ല്‍ 81.08ഉം ആയിരുന്നു ജില്ലയുടെ വിജയശതമാനം.
ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 376 വിദ്യാര്‍ഥികളില്‍ 316 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. 84.04 ശതമാനം വിജയം. 84.37 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. ശതമാനത്തില്‍ 0.33 ശതമാനം കുറവുവന്നു. സ്‌കോള്‍ കേരള (ഓപ്പണ്‍ സ്‌കൂള്‍) വിഭാഗത്തിലും സംസ്ഥാനത്തു കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതു ജില്ലയിലാണ്. 18,387 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 5,057 പേരാണ് വിജയിച്ചത്. 27.5 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 29.74 ശതമാനമായിരുന്നു ജയം. 2015ല്‍ 34.83 ശതമാനം ജയമുണ്ടായിരുന്നു.
ജില്ലയിലെ 1,167 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 1,131 വിദ്യാര്‍ഥകള്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 16 പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 20 വിദ്യാര്‍ഥികളുമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."