പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനത്തിനായി വിദഗ്ധ സമിതി രൂപീകരിക്കും
പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ നദീജല കരാര്‍ വ്യവസ്ഥയുടെ പുനരവലോകന സാധ്യത മുന്‍നിര്‍ത്തി വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് കത്ത് അയച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയില്‍നിന്നു കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് സമിതിയുണ്ടാക്കാന്‍ നടപടി ആരംഭിച്ചിട്ടുളളത്.
ആദ്യപടിയെന്നോണം ജലസേചന വകുപ്പ്, മുഖ്യമന്ത്രിക്ക് പുതിയതായി കരാറില്‍ ചേര്‍ക്കേണ്ട മാറ്റങ്ങള്‍ അടങ്ങുന്ന ഒരു ഡ്രാഫ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കരാറില്‍ ഒപ്പുവച്ച് 60 വര്‍ഷമായിട്ടും ഇതുവരെ പുതുക്കിയിട്ടില്ല. പുതിയതായി രൂപീകരിക്കുന്ന സമിതിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന എല്ലാ മേഖലയില്‍ നിന്നുമുള്ള വിദഗ്ധരെയും ഉള്‍പ്പെടുത്തും.
പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് തീരുമാനം. സമിതി തയാറാക്കുന്ന വ്യവസ്ഥകള്‍ സര്‍ക്കാര്‍ പഠിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഇപ്പോള്‍ ലഭിക്കുന്ന 7.25 ടി.എം.സി ജലം 12 ടി.എം.സിയാക്കാന്‍ ലക്ഷ്യമിട്ടാണിത്.
സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനുതകുന്ന പഴുതടച്ചുള്ള വ്യവസ്ഥയായിരിക്കും. 30 വര്‍ഷം കൂടുമ്പോള്‍ കരാറിലെ വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യണമെന്നതാണ് നിബന്ധന. എന്നാല്‍ ഒരിക്കല്‍പ്പോലും ഇത് പാലിക്കപ്പെട്ടിട്ടില്ല.
കാലാവസ്ഥയിലെ മാറ്റം പരിഗണിച്ച് പദ്ധതി പുനരവലോകനത്തിന്റെ കാലാവധി 30 വര്‍ഷത്തില്‍ നിന്നും കുറയ്ക്കണമെന്ന ആവശ്യവും ചര്‍ച്ചചെയ്യും. തമിഴ്‌നാടിന്റെ കുറെ കാലമായുള്ള ആവശ്യമാണ് ആനമലയാറിന് കുറുകെ മിനി ഡാം നിര്‍മിച്ച് ആളിയാറിലേക്ക് വെള്ളം കടത്തിക്കൊണ്ടുപോകുക എന്നുള്ളത്. ഇക്കാര്യവും കരാര്‍ പുതുക്കുമ്പോള്‍ കേരളം പരിഗണിക്കുമെന്നാണ് അറിയുന്നത് .
1958 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ 1970ലാണ് കേരളവും തമിഴ്‌നാടും കരാറിലൊപ്പുവച്ചത്. അപ്പോഴത്തെ ജലത്തിന്റെ ധാരാളിത്തത്തെ മുന്‍നിര്‍ത്തിയാണ് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ സംസ്ഥാനം കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കരാര്‍ പുനരവലോകനം അത്യാവശ്യമായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."