അവഗണനയുടെ ചൂളംവിളിയില്‍ എടക്കാട് റെയില്‍വേ സ്റ്റേഷന്‍
പെരളശ്ശേരി: മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണില്‍ അരിയെത്തിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു റെയില്‍വേ സ്റ്റേഷനായി മാറിയിരിക്കുകയാണ് എടക്കാട് റെയില്‍വേ സ്‌റ്റേഷന്‍. പേരിന് രാവിലെയും വൈകുന്നേരവും ലോക്കല്‍ തീവണ്ടി മാത്രം നിര്‍ത്തും. സ്റ്റേഷനില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും നല്‍കുന്ന നിവേദനങ്ങള്‍ ഇതുവരെ പരിഗണിക്കപ്പെട്ടില്ല. കണ്ണുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പുതിയ പ്ലാറ്റ്‌ഫോമുകളും നവീകരണ പദ്ധതികള്‍ നടത്തുമ്പോഴും എടക്കാട് റെയില്‍വേ സ്‌റ്റേഷനോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. ദിവസവും നിരവധി പേര്‍ എത്തിച്ചേരുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഇവിടെ നിന്നു വളരെ കുറഞ്ഞ ദൂരം മാത്രമാണുള്ളത്. കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ വ്യാവസായിക, ടൂറിസം മേഖലകളുടെ വികസനത്തിന് എടക്കാട് റെയില്‍വേ സ്റ്റേഷന്റെ നവീകരണം വേണമെന്ന ആവശ്യം ശക്തമാണ്. സ്റ്റേഷന്റെ വികസനത്തിനാവശ്യമായ ഏക്കര്‍ കണക്കിന് ഭൂമി ഇവിടെയുണ്ട്. കൂടുതല്‍ വണ്ടികള്‍ അനുവദിക്കുകയും സ്റ്റേഷന്‍ വികസിപ്പിക്കുകയും ചെയ്താല്‍ പെരളശ്ശേരി, ചെമ്പിലോട്, എടക്കാട്, കടമ്പൂര്‍, ചാല, തോട്ടട, നടാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു യാത്രക്കാര്‍ എടക്കാട് സ്റ്റേഷനെ ആശ്രയിക്കുമെന്നുറപ്പാണ്. കണ്ണൂരില്‍ നിന്നു മംഗലാപുരം ഭാഗത്തേക്കുള്ള റെയില്‍റൂട്ടില്‍ വണ്ടികള്‍ ചെറിയസ്റ്റേഷനില്‍ പോലും നിര്‍ത്തുമ്പോഴാണ് എടക്കാട് അവഗണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."