ഉംറ തീർത്ഥാടനം; മാസങ്ങൾക്ക് ശേഷം വിദേശത്ത് നിന്നുള്ള ആദ്യ തീർത്ഥാടക സംഘം പുണ്യ ഭൂമിയിൽ
മക്ക: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം പൂർണ്ണമായ നിലയിൽ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ സഊദിയിൽ എത്തി തുടങ്ങി. വിദേശങ്ങളിൽ നിന്നുള്ളവരുടെ ആദ്യ ഘട്ടത്തിൽ പാകിസ്ഥാനിൽ നിന്നുള്ള സംഘമാണ് ആദ്യമായി പുണ്യ ഭൂമിയിലെത്തിയത്. ഇന്തോനേഷ്യയിൽ നിന്നുള്ളസംഘവും ഇന്ന് എത്തിച്ചേരും. ആദ്യ ദിനത്തിൽ 296 തീർത്ഥാടകരാണ് പുണ്യ ഭൂമിയിൽ എത്തിച്ചേരുക.
ഇന്ത്യയിൽ നിന്നുള്ളവരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ജിദ്ദയിൽ വിമാനമിറങ്ങിയ തീർത്ഥാടക സംഘത്തെ നേരെ അവരുടെ താമസ സ്ഥലങ്ങളിലേക്കാണ് കൊണ്ട് പോയത്. ഇവിടെ മൂന്ന് ദിവസം ക്വറന്റൈനിൽ കഴിഞ്ഞ ശേഷമായിരിക്കും ഇവർ ഉംറ തീർത്ഥാടനത്തിനായി പുറപ്പെടുക. മുപ്പത് ദിവസം വരെ സഊദിയിൽ കഴിയുന്നതിനുള്ള വിസയാണ് അനുവദിച്ചിരിക്കുന്നതെങ്കിലും 10 ദിവസം മാത്രം മാത്രമാണ് താമസ കാലാവധി.
സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയാണ് ഉംറ സർവ്വീസ് നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾക്കോ വിദേശ രാജ്യങ്ങളുടെ ദേശീയ വിമാന കമ്പനികൾക്കോ ഇപ്പോൾ ഉംറ സർവ്വീസിനുള്ള അനുമതി നൽകിയിട്ടില്ല. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന്ള്ള ആദ്യ ഉംറ സംഘത്തെ ഇന്തോനേഷ്യയിലെ സഊദി അംബാസിഡർ ഉസാം ആബിദ് അൽ സഖഫിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഉംറ പുനഃരാരംഭത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും ആഭ്യന്തര തീർഥാടകർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഇന്ന് ആരംഭിച്ച മൂന്നാം ഘട്ടത്തിൽ പ്രതിദിനം ഇരുപതിനായിരം തീർത്ഥാടകർക്കാണ് അനുമതി. ഇവരിൽ പതിനായിരം തീർത്ഥാടകർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. ദിവസേന ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനും അറുപതിനായിരം പേർക്ക് വിശുദ്ധ ഹറമിൽ നിസ്‌കാരങ്ങളിൽ പങ്കെടുക്കാനും 19500 പേർക്ക് മസ്‌ജിദുന്നബവി സന്ദർശനത്തിനും റൗദ ശരീഫിൽ നിസ്‌കാരത്തിനും അനുമതി നൽകിത്തുടങ്ങി. ഓരോ മൂന്ന് മണിക്കൂറിലും 3,300 പേരടങ്ങിയ സംഘമായാണ് മതാഫിലേക്ക് പ്രവേശനം. ഇവരിൽ 1,666 പേർ വിദേശത്തുനിന്നുള്ളവരായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."