നിരവധി ജീവനുകള്‍ കരകയറ്റിയ ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു
മുവാറ്റുപുഴ: ടൈറ്റാ, ലിന്‍സോ, ഷൈബു ,അജിത്, ബിനീഷ്, സോജന്‍,.... തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഒന്നടങ്കം ചെല്ലാനത്തെ മത്സ്യ ത്തൊഴിലാളികള്‍ക്കു മുന്നില്‍ എഴുന്നേറ്റു നിന്നു. നിര്‍ത്താതെയുള്ള കരഘോഷങ്ങള്‍ക്കിടയില്‍ മുവാറ്റുപുഴയുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുമ്പോള്‍ സ്രാങ്കിന്റെയടക്കം അവരുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. പ്രമുഖ സാമൂഹ്യ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ ആണ് പ്രളയ ദുരന്ത മേഖലകളില്‍ രക്ഷക്കായി ഓടിയെത്തിയവരുടെ വികാരനിര്‍ഭരമായ സംഗമത്തിന് വേദിയൊരുക്കിയത്.
പുഴയോടു ചേര്‍ന്ന പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം തീര്‍ത്തും അസാധ്യമായിരിക്കെ സ്വന്തം ജീവന്‍ അവഗണിച്ചാണ് ചെല്ലാനത്തെ എ്ട്ട് മത്സ്യത്തൊഴിലാളികള്‍ പുഴയുടെ ചതിക്കുഴികള്‍ കടന്ന് ഒരു വെളിച്ചം പോലുമില്ലാത്ത രാത്രിയില്‍ അറുനൂറോളം പേരെ കരയിലെത്തിച്ചത്. മൂന്നു ദിവസമായി ഡയാലിസിസ് മുടങ്ങിക്കിടന്ന രോഗിയേയും ഹൃദയാഘാതം വന്ന സമീപവാസിയേയും ഒഴുക്കിനെതിരെ പുഴ വട്ടം കടന്ന് ബോട്ട് പായിച്ച് ആശുപത്രിയില്‍ എത്തിച്ചത് സാഹസികമായി ആയിരുന്നു.
മലയിടിഞ്ഞ് അമ്മ മരണപ്പെട്ട പെണ്‍കുട്ടിയെയും ഇവര്‍ പുഴക്കപ്പുറം അതിസാഹസികമായി കടത്തി നാട്ടിലെത്താന്‍ സൗകര്യമെത്തിച്ചു. ഇവര്‍ക്കൊപ്പം വഴികാട്ടിയായി അനുഗമിച്ചത് ഗ്രീന്‍ പീപ്പിള്‍ വളണ്ടിയര്‍ ഷാനവാസ് ആയിരുന്നു. ദുരന്തമുഖത്തെ പൊതുവിടങ്ങള്‍ ശുചീകരിക്കുന്നതിനു മൂന്നു ദിവസത്തോളം സേവനം നടത്തിയ ശാന്തിഗിരി കോളജിനുള്ള പ്രത്യേക ഉപഹാരം പ്രിന്‍സിപ്പാള്‍ ഫാദര്‍ ബോബി ആന്റണി സി.എം ഐ യും കുട്ടികളും ചേര്‍ന്ന് ഏറ്റുവാങ്ങി. 40 വണ്ടികളില്‍ അത്യാധുനിക സൗകര്യങ്ങളോടെ വീടു ക്ലീന്‍ ചെയ്യാന്‍ സേവനം നല്‍കിയ വാഴക്കുളം പൈനാപ്പിള്‍ മര്‍ച്ചന്റ് അസോസിയേഷനു വേണ്ടി ജോസ് പെരുമ്പള്ളിക്കുന്നേല്‍ ഉപഹാരം ഏറ്റുവാങ്ങി. മികച്ച റിപ്പോര്‍ട്ടിങ്ങ് വഴിയും അപകട മുഖത്ത് കുടുങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിച്ചും രക്ഷാപ്രവര്‍ത്തനവും ക്യാംപ് നടത്തിപ്പുകളും അനായാസമാക്കിയ മുവാറ്റുപുഴയിലെ പത്രപ്രവര്‍ത്തകരെ ചടങ്ങ് പ്രത്യേകം അഭിനന്ദിച്ചു.
200 ലേറെ കിണറുകള്‍ ക്ലീന്‍ ചെയ്ത മൂവാറ്റുപുഴ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷനും ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും ഒപ്പം ഇതര സേവനങ്ങള്‍ ലഭ്യമാക്കിയവരേയും മുവാറ്റുപുഴ റസിഡന്റ് അസോസിയേഷന്‍ ,നന്മ, മഹാത്മ യൂത്ത് വിങ്, ഗൈഡന്‍സ് കലാസമിതി , പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ വിശ്വജ്യോതി , ഈസ്റ്റ് മാറാടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരേയും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കി ചടങ്ങ് ആദരിച്ചു.വയലിന്‍ വിദഗ്ദന്‍ ബാബുരാജിന്റെ വയലിന്‍ സോളോവില്‍ ആരംഭിച്ച ഗ്രീന്‍ പീപ്പിള്‍ ജനകീയ ആദരവ് മുവാറ്റുപുഴക്ക് വേറിട്ട അനുഭവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."