പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി
തൊടുപുഴ: സംസ്ഥാനത്ത് പ്രളയത്തിനുശേഷം പകര്‍ച്ചവ്യാധികള്‍ക്കെതിരെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികളാരംഭിച്ചു.
പ്രജന കേന്ദ്രങ്ങളും ഉറവിടങ്ങളും നശിപ്പിക്കുന്നതിലൂടെ കൊതുകുകളുടെ സാന്ദ്രത കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. എല്ലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും വ്യക്തിപരമായും സാമൂഹികമായും ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലയില്‍ എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ഡങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കാന്‍ വീടുകളിലും ഓഫീസ് പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ടയറുകള്‍, തെര്‍മോകോള്‍, ടാങ്കുകള്‍, പൊട്ടിയതും ഉപേക്ഷിക്കപ്പെട്ടതുമായ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാവുന്നതാണ്.
ജലജന്യ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത ഉണ്ടാകണം. മഞ്ഞപ്പിത്തം (ഹൈപ്പറ്റൈറ്റിസ്) ടൈഫോയ്ഡ്, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടരാതെ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ മറ്റാവശ്യങ്ങല്‍ക്ക് ഉപയോഗിക്കുകയും, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതുമാണ്. പനിയോ വയറിളക്കം, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ ഉണ്ടായാല്‍ കൃത്യമായ ചികിത്സ തേടണം.
ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല. പകര്‍ച്ചവ്യാധി സംബന്ധമായ എന്തെങ്കിലും വിവരം ലഭ്യമായാല്‍ ആരോഗ്യ സ്ഥാപനങ്ങളിലോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, എം.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഡി.പി.എം ഡോ. സുജിത് സുകുമാരന്‍, ജില്ലാ മലേറിയ ഓഫീസര്‍ ബി.എസ്. അനില്‍കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ വി.എന്‍. പീതാംബരന്‍, ഹരിതകേരളം കോഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്. മധു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."