ബിനീഷ് നായകനായ സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും അന്വേഷണം
സ്വന്തം ലേഖകന്‍
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി നായകനായ മലയാള സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും അന്വേഷണം നീളുന്നതായി സൂചന. 'നാമം' എന്ന സിനിമയുടെ നിര്‍മാണത്തിന് പണം മുടക്കിയവരെക്കുറിച്ചാണത്രേ ഇ.ഡി അന്വേഷിക്കുന്നത്. തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് ചിത്രം നിര്‍മിച്ചത്. ബിനീഷിന്റെ താല്‍പര്യത്തില്‍ ഈ സിനിമയ്ക്കായി മറ്റു ചിലര്‍ പണം മുടക്കിയതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാര്‍ ഷോറും ഉടമയടക്കം ഈ സിനിമയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സംഘത്തിന്റെ നിഗമനം. അതേസമയം ക്രൈം ബ്രാഞ്ചും സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. ചില സിനിമകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന സംശയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷിന്റെ പേര് ഉയര്‍ന്നതു മുതല്‍ ബിനീഷുമായി അടുപ്പമുള്ള ചില മലയാള സിനിമാ പ്രവര്‍ത്തകരും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ നിരീക്ഷണത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ബിനീഷ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. സിനിമകള്‍ക്ക് ഷൂട്ടിങ് അനുമതിക്കും മറ്റുമുള്ള അപേക്ഷകളില്‍ വേഗം തീരുമാനം ഉണ്ടാകുന്നതിന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ബിനീഷിനെ ഉപയോഗപ്പെടുത്തി. ആഭ്യന്തര മന്ത്രിയുമായി അടുപ്പമുണ്ടാക്കാന്‍ ആഗ്രഹിച്ച ബിസിനസുകാരായ നിര്‍മാതാക്കളും ബിനീഷിനെ തങ്ങളുടെ സിനിമകളുടെ ഭാഗമാക്കി. ഇത്തരത്തില്‍ ബിനീഷിനോട് അടുപ്പമുള്ള ചിലരിലേക്ക് അന്വേഷണം എത്തുമെന്നാണ് സൂചന. നേരത്തെ മയക്കുമരുന്ന് കേസില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന് മലയാള സിനിമയിലെ ചിലരുമായുള്ള മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം തേടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."