ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് മഹാവിജയം; നാല് പ്രധാന സ്ഥാനങ്ങളിലും വിജയിച്ചു
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വന്‍ വിജയം. നാലു പ്രധാന പോസ്റ്റുകളിലും ബി.ജെ.പി വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയെ തരിപ്പണമാക്കി ഇടതുസഖ്യ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
വെള്ളിയാഴ്ച രാത്രി കഴിഞ്ഞ വോട്ടെടുപ്പില്‍, വോട്ടെണ്ണല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു. ബാലറ്റ് പെട്ടികള്‍ മോഷ്ടിക്കാനും സീലുകള്‍ പൊട്ടിക്കാനും ശ്രമമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ച വോട്ടെണ്ണല്‍ 14 മണിക്കൂറിനു ശേഷമാണ് പുനരാരംഭിച്ചത്.
പ്രസിഡന്റായി എന്‍ സായ് ബാലാജിയും വൈസ് പ്രസിഡന്റായി സാരിക ചൗധരിയും ജനറല്‍ സെക്രട്ടറിയായി ഐജേസ് അഹമ്മദ് റാഥെറും ജോയിന്റ് സെക്രട്ടറിയായി അമൃത ജയദീപുമാണ് വിജയിച്ചത്.
ആറു വര്‍ഷത്തിനിടെ ഏറ്റവും വലിയ പോളിങാണ് ഇക്കൊല്ലമുണ്ടായത്. 67.8 ശതമാനമായിരുന്നു പോളിങ്. 5000 ത്തില്‍ അധികം വിദ്യാര്‍ഥികള്‍ വോട്ട് രെഖപ്പെടുത്തി.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ), എസ്.എഫ്.ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന് (ഡി.എസ്.എഫ്), എ.ഐ.എസ്.എഫ് എന്നീ സംഘടനകള്‍ ചേര്‍ന്നതാണ് ഇടതുസഖ്യം.
എ.ബി.വി.പി, കോണ്‍ഗ്രസിന്റെ എന്‍.എസ്.യു.ഐ, ബി.എ.പി.എസ്.എ എന്നീ സംഘടനകളും വെവ്വേറെ മത്സരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."