HOME
DETAILS
MAL
തട്ടമിട്ട വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി, സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു എസ്.കെ.എം.ഇ.എ മന്ത്രി കെ.ടി ജലീലിനു കത്തു നല്‍കി
backup
June 12 2019 | 11:06 AM
സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ യൂണിഫോമുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ നടക്കുന്നതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലിന് സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കത്തുനല്‍കി. തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തില്‍ തട്ടം ധരിച്ചു വന്ന വിദ്യാര്‍ത്ഥിക്കു ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റു നല്‍കി പുറത്താക്കുകയും എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബ് നിരോധം പിന്‍വലിക്കാതെ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കത്തയച്ചത്. സര്‍ക്കാരും വിവിധ മത സംഘടനാ നേതൃത്വവും സ്ഥാപന മേധാവികളും ഒന്നിച്ചിരുന്ന് പരിഹാരം തേടാന്‍ ശ്രമിച്ചാല്‍ എന്നെന്നേക്കുമായി ഈ വിഷയം പരിഹരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലെന്നും പ്രസിഡണ്ട് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദറും ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറയും നല്‍കിയ കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണം: സര്‍ക്കാര്‍ വ്യവസ്ഥ ഉണ്ടാക്കണം.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ,ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍
എന്നിവരുടെ അടിയന്തിര പരിഗണനയിലേക്ക്,
സര്‍,
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണം സംബന്ധിച്ച വിവാദങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ.
തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ മുസ്ലിം പെണ്‍കുട്ടി തട്ടമിട്ട് വന്നതും അക്കാരണത്താല്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് ബലമായി ടി.സി കൊടുത്ത് സ്‌കൂളധികൃതര്‍ പറഞ്ഞയച്ചതും വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥിനിയും ഇതേ കാരണത്താല്‍ പഠനം തന്നെ എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നതും മറ്റൊരു വേദനാജനകമായ അനുഭവമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.
അവരവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രധാരണമെന്നത് ഏതൊരാളുടെയും മാനുഷികവും ഭരണഘടനാപരവുമായ അവകാശമാണ്. പ്രത്യേകിച്ചും മത വിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രധാരണം തടയാന്‍ ആര്‍ക്കും അവകാശമില്ല. ജനാധിപത്യ മതേതര രാജ്യമായ നമ്മുടെ നാടിന്റെ ഭരണഘടനാപരമായ അവകാശമാണിത്..ഇത് ഹനിക്കാന്‍ ആരെയും അനുവദിച്ചുകൂടാ.
അതേ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരവരുടേതായ ഡ്രസ്സ് കോഡ് സ്വീകരിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല. സ്ഥാപനത്തിന്റെ ഐഡന്റിറ്റിക്കും അച്ചടക്കത്തിനുമൊക്കെ ഇതനിവാര്യമായിരിക്കും.
ഈ രണ്ട് സാഹചര്യങ്ങളെയും പരിഗണിച്ചു കൊണ്ട് വേണം ഡ്രസ്സ് കോഡില്‍ സ്ഥാപനങ്ങള്‍ നിലപാട് സ്വീകരിക്കേണ്ടത്. ഒരു സമന്വയ സമീപനം ഇക്കാര്യത്തില്‍ ഉണ്ടാവുകയാണ് വേണ്ടത്.
മിക്ക സ്ഥാപനങ്ങളും ഈ സമന്വയ രീതിയാണ് സ്വീകരിക്കുന്നത്. എന്നാല്‍ ചില ഒറ്റപ്പെട്ട സ്ഥാപനങ്ങള്‍ ബോധപൂര്‍വ്വം വിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍.
സര്‍ക്കാരിന്റെ അടിയന്തിരവും ശാശ്വതവുമായ ഒരിടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഈ വിഷയം പരിഹരിക്കപ്പെടുകയുള്ളൂ. വിശ്വാസികളായ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചേടത്തോളം മതപരമായി നിര്‍ബന്ധമുള്ള വസ്ത്രധാരണ ഒരു നിലക്കും നിഷേധിക്കപ്പെടാനിടയുണ്ടായിക്കൂടാ. വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന മുസ്ലിം സമുദായത്തെ മുന്നിലെത്തിക്കുന്നതിനു വേണ്ടി ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ പോലും പല മതകീയ ആനുകൂല്യങ്ങളും അനുവദിച്ചത് ചരിത്ര സത്യമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് സ്‌കൂളുകളില്‍ മദ്രസ്സ പീനത്തിന് സൗകര്യം ചെയ്തു കൊടുത്തിരുന്നത് ഇതിന്റെ ഭാഗമായിരുന്നു. സ്വതന്ത്രനന്തരം കേരളത്തിലെ സ്‌കൂളുകളില്‍ അറബി പ0നത്തിനവസരമുണ്ടായതും ഇന്നും അത് നിലനില്‍ക്കുന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
ഭാവിയിലെ നാടിന്റെ മുതല്‍ക്കൂട്ടുകളായ നമ്മുടെ മക്കള്‍ പഠിക്കുന്ന കലാലയങ്ങളില്‍ അസ്വസ്ഥതയുണ്ടായിക്കൂടാ.
പ്രത്യേകിച്ചും മതസംബന്ധിയായ തര്‍ക്കങ്ങള്‍ക്ക് കലാലയങ്ങള്‍ വേദിയാവുമ്പോള്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതായിരിക്കില്ല
.ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാന്‍ കേവലമൊരു സ്‌കൂളിലെ തട്ട വിവാദം മാത്രം മതിയാവും.
ആയതു കൊണ്ട് അടിയന്തിരമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ പറ്റൂ. വിശ്വാസികള്‍ക്കും
സ്ഥാപനങ്ങള്‍ക്കുമെല്ലാം സ്വീകാര്യമാവുന്ന ഒരു ഫോര്‍മുല ഉണ്ടാക്കാവുന്നതേയുള്ളൂ. ആവശ്യമെങ്കില്‍ സര്‍ക്കാരും വിവിധ മത സംഘടനാ നേതൃത്വവും സ്ഥാപന മേധാവികളും ഒന്നിച്ചിരുന്ന് പരിഹാരം തേടാന്‍ ശ്രമിച്ചാല്‍ എന്നെന്നേക്കുമായി ഈ വിഷയം പരിഹരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.
സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ പ്രതീക്ഷിച്ചു കൊണ്ട്,
സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ (SKMEA) സംസ്ഥാന കമ്മറ്റിക്കു വേണ്ടി,
ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍
(പ്രസിഡണ്ട്)
മുസ്തഫ മുണ്ടുപാറ
(ജന. സെക്രട്ടരി )
8589984477
കോഴിക്കോട്,
2019 ജൂണ്‍ 12
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."