ലൈഫില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തു. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ മേല്‍നോട്ടം വഹിച്ച പദ്ധതികളിലേക്ക് എന്‍ഫോഴ്സ്മെന്റ് സയരക്ടറേറ്റിന്റെ അന്വേഷണം നീളുന്നതിനിടയിലാണ് ലൈഫ് മിഷന് ക്രമക്കേടില്‍ വിജിലന്‍സ് ശിവശങ്കറിന്റെ പങ്ക് ശരിവയ്ക്കുന്നത്. യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ക്രമക്കേടില്‍ ശിവശങ്കറിന്റെ പങ്ക് വിജിലന്‍സിനു ബോധ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ ജയിലിലെത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് സ്വപനയ്ക്കും സരിത്തിനും സന്ദീപിനും യൂനിടാകിനുമൊപ്പം ശിവശങ്കറിനെക്കൂടി പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സര്‍പ്പിച്ചു. കമ്മിഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഫോണ്‍ വാങ്ങുന്നതും കോഴയായി കണക്കാക്കാമെന്നാണ് ശിവശങ്കറുമായി ബന്ധപ്പെട്ട് വിജിലന്‍സ് നിലപാട്. യുനിടാക്, സെയ്ന് വെഞ്ച്വേഴ്സ് എന്നീ കമ്പനികളെയും തിരിച്ചറിയാനുള്ള ഉദ്യോഗസ്ഥരെയും വ്യക്തികളെയും കുറിച്ചായിരുന്നു നേരത്തെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ നാലു പേരുടേയും വിവരങ്ങള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സന്തോഷ് ഈപ്പന്റെ കമ്പനികളെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൈക്കൂലിയായി സന്തോഷ് ഈപ്പന് സ്വപ്നയ്ക്കു നല്കിയ മൊബൈല്‍ ഫോണ്‍ ശിവശങ്കറിനു കൈമാറിയെന്നും ഖാലിദിന് കൈക്കൂലി നല്കിയ ശേഷം ശിവശങ്കറിനെ കണ്ടെന്ന് സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
സന്തോഷ് ഈപ്പന് കൈക്കൂലിയായി നല്കിയ അഞ്ചു ഫോണുകളിലൊന്ന് ശിവശങ്കറാണ് ഉപയോഗിക്കുന്നത്. മറ്റൊരു ഫോണ്‍ ഉപയോഗിച്ച കാട്ടാക്കട സ്വദേശി പ്രവീണ്‍ രാജില്‍ നിന്ന് വിജിലന്‍സ് ഇതു പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."