പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ്: എറണാകുളത്തിന് കിരീടം
കണ്ണൂര്‍: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ 282 പോയിന്റുമായി എറണാകുളം ചാംപ്യന്മാരായി.
തിരുവനന്തപുരം 251 പോയിന്റുമായി രണ്ടാംസ്ഥാനവും 247 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും നേടി. രണ്ടാംദിനമായ ഇന്നലെ വനിതകളുടെ 84 കിലോ വിഭാഗത്തില്‍ റെക്കോര്‍ഡും പിറന്നു.
235 കിലോ ഉയര്‍ത്തി കോഴിക്കോട് നിന്നുള്ള അഭിരാമിയാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്.
സബ്ജൂനിയര് ആണ് വിഭാഗത്തില്‍ തിരുവനന്തപുരം (54), ആലപ്പുഴ (49), കണ്ണൂര്‍ (43) ജില്ലകള്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.
സബ്ജൂനിയര് വനിതാ വിഭാഗത്തില്‍ എറണാകുളം (50), കോഴിക്കോട് (49), തിരുവനന്തപുരം (47) ജില്ലകളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ജൂനിയര്‍ ആണ് വിഭാഗത്തില്‍ തിരുവനന്തപുരം (57), എറണാകുളം (50), തൃശ്ശൂര്‍ (45) ജില്ലകള്‍ ആദ്യമൂന്ന് സ്ഥാനത്തെത്തിയപ്പോള്‍ ജൂനിയര്‍ പെണ് വിഭാഗത്തില്‍ എറണാകുളം (54), തൃശ്ശൂര്‍ (45), തിരുവനന്തപുരം (25) ജില്ലകള്‍ക്കാണ് യഥാക്രമം ആദ്യമൂന്നു സ്ഥാനങ്ങള്‍.
സീനിയര്‍ ആണ് വിഭാഗത്തില്‍ തിരുവനന്തപുരം (53), കോഴിക്കോട് (52), തൃശ്ശൂര്‍ (43) ജില്ലകള്‍ ആദ്യമൂന്ന് സ്ഥാനത്തെത്തിയപ്പോള്‍ സീനിയര്‍ പെണ് വിഭാഗത്തില്‍ എറണാകുളം (57), കോഴിക്കോട് (48), തൃശ്ശൂര്‍ (40) ജില്ലകളാണ് യഥാക്രമം മുന്നിലെത്തിയത്. ഇന്നു പാരാലിംപിക് മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."