എണ്ണവില കുറച്ചിട്ടും മന്നയിലെ പമ്പില്‍ കുറവില്ല
തളിപ്പറമ്പ്: പുതുക്കിയ വില നിലവില്‍ വന്നിട്ടും പഴയ വിലക്ക് എണ്ണ വില്‍പ്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലിസ് ഇടപെട്ടു. തളിപ്പറമ്പ് മന്നയിലെ എന്‍.എഫ് ഫ്യൂവല്‍സ് പമ്പില്‍ ഇന്നലെ രാവിലെ ഡീസല്‍ അടിക്കാനെത്തിയവരില് നിന്നു പഴയ വിലയായ 61.77 തന്നെയാണ് ഈടാക്കിയത്. ഇതേപ്പറ്റി പരാതിപെട്ടവരോട് വില കുറക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ല എന്നാണ് പമ്പ് ജീവനക്കാര്‍ പറഞ്ഞതത്രേ. ഇവിടെ നിന്നു കൂടിയ വിലക്ക് എണ്ണ അടിച്ച വാഹനഉടമ രണ്ട് കിലോമീറ്റര്‍ അപ്പുറം എളമ്പേരംപാറയിലെ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചപ്പോള്‍ കുറഞ്ഞ വില തന്നെയാണ് വാങ്ങിയത്. തിങ്കളാഴ്ച്ച ആര്ധരാത്രിയാണ് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചത്. എന്നാല്‍ നിരവധിയാളുകളില്‍ നിന്ന് പഴയ വില തന്നെയാണ് മന്നയില്‍ നിന്ന് വാങ്ങിയത്. പലരും ബില്ല് ചോദിച്ചു വാങ്ങുകയും മീറ്ററിലെ വില മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തളിപ്പറമ്പ് പൊലിസ് അന്വേഷിച്ചപ്പോള്‍ സാങ്കേതിക തകരാറാണെന്നായിരുന്നു മറുപടി. പൊലിസ് കര്‍ശന നിലപാട് എടുത്തപ്പോഴാണ് വില കുറക്കാന്‍ പമ്പ് അധികൃതര്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."