HOME
DETAILS
MAL
സസ്യങ്ങളെ സ്‌നേഹിച്ച ഗവേഷക
backup
November 04 2020 | 00:11 AM
1952-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഒരു വനിതാ ശാസ്ത്രജ്ഞയെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുനഃസംഘടിപ്പിക്കാനായി ഇന്ത്യയിലേക്കു ക്ഷണിച്ചു. ലണ്ടനിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ആ വനിത ആരാണെന്നോ? കേരളത്തില്‍ ജനിച്ച, സസ്യശാസ്ത്ര ഗവേഷണ രംഗത്തു വിസ്മയങ്ങള്‍ വിരിയിച്ച എടവലേത്ത് കക്കാട്ട് എന്ന ഇ.കെ. ജാനകി അമ്മാള്‍!
ജീവിതയാത്ര
ജാനകി അമ്മാള്‍ 1897 നവംബര്‍ 4-ന് തലശ്ശേരിയിലാണ് ജനിച്ചത്. പിതാവ് സബ് ജഡ്ജിയായിരുന്ന ഇ.കെ. കൃഷ്ണന്‍. ഭാഗ്യവശാല്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയിരുന്ന കുടുംബമായിരുന്നു ജാനകി അമ്മാളിന്റെത്. തലശ്ശേരിയിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ ക്വീന്‍ മേരീസ് കോളജിലും ചെന്നൈ പ്രസിഡന്‍സി കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1921-ല്‍ പ്രസിഡന്‍സി കോളജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടിയ അവര്‍, താമസിയാതെ ചെന്നൈയിലെ തന്നെ വിമണ്‍സ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപികയായി. ആ സമയത്താണ് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ പഠനത്തിനുളള ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പ് ഇവര്‍ക്ക് ലഭിച്ചത്. അതു സ്വീകരിച്ച് 1925-ല്‍ ബിരുദാനന്തര ബിരുദം സമ്പാദിച്ച ശേഷം തിരികെ വിമന്‍സ് കോളജില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ഗവേഷണത്തിന് ബാര്‍ബോര്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ജോലിയുപേക്ഷിച്ചു.
ബാര്‍ബോര്‍ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യപൗരസ്ത്യ ദേശ വിദ്യാര്‍ഥിനി എന്ന ബഹുമതിയും ജാനകി അമ്മാളിന് സ്വന്തമായി. 1931-ല്‍ ഗവേഷണ ബിരുദം കരസ്ഥമാക്കിയപ്പോള്‍ ഒരു വിദേശ സര്‍വകലാശാലയില്‍നിന്ന് ഗവേഷണ ബിരുദമായ ഡി.എസ്.സി നേടുന്ന ആദ്യ ഭാരതീയ വനിതയെന്ന വിശേഷണവും അവര്‍ക്കു ലഭിച്ചു.
ഇന്ത്യയിലേക്ക് മടങ്ങിയ ജാനകി അമ്മാളെ കാത്തിരുന്നത് തിരുവനന്തപുരത്ത് മഹാരാജാസ് കോളജ് ഓഫ് സയന്‍സിലെ (ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളജ്) ബോട്ടണി പ്രൊഫസറെന്ന പദവിയാണ്. 1932 മുതല്‍ 1934 വരെ അവിടെ സേവനമനുഷ്ഠിച്ചെങ്കിലും ഗവേഷണ താല്‍പര്യം മൂലം കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തില്‍ ജനിതക ശാസ്ത്രജ്ഞയായി ചേര്‍ന്നു.
1934 മുതലുളള അഞ്ചു വര്‍ഷക്കാലം അവിടെ അത്യുല്‍പാദന ശേഷിയുളള സങ്കര കരിമ്പിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സസ്യങ്ങളുടെ വര്‍ഗസങ്കരണത്തിലും വര്‍ഗാന്തര സങ്കരണത്തിലും പുതിയ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും അവിടെ ഗവേഷകയെന്ന നിലയില്‍ വേണ്ടത്ര പ്രോത്സാഹനമോ അംഗീകാരമോ ലഭിക്കാതെ വന്നപ്പോള്‍ 1939-ല്‍ ജാനകിയമ്മാള്‍ ഇംഗ്ലണ്ടിലെ ജോണ്‍ ഇന്‍സ് ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് തിരഞ്ഞെടുത്തത്.
ദ ക്രോമസോം അറ്റ്‌ലസ് ഓഫ് പ്ലാന്റ്‌സ്
സസ്യകോശങ്ങളുടെ ഘടനയും വിഭജനവുമൊക്കെ സൂക്ഷ്മമായി പഠിക്കുന്നത് ഇക്കാലത്താണ്. യൂറോപ്പിലെ സസ്യങ്ങളെ പഠനവിധേയമാക്കി ചില സസ്യകോശങ്ങളുടെ അനിയന്ത്രിത വിഭജനത്തെക്കുറിച്ചുളള രഹസ്യങ്ങള്‍ ചികഞ്ഞപ്പോള്‍ അത് വെളിച്ചം വീശിയത് കാന്‍സറിന്റെ കാരണങ്ങളിലേക്കു കൂടിയാണ്. അക്കാലത്തെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന സി.ഡി.ഡാര്‍ലിങ്ണുമായി സഹകരിച്ച് ജാനകി അമ്മാള്‍ രചിച്ച ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ് എന്ന പുസ്തകം ഇന്നു ലോകമെമ്പാടുമുളള സസ്യശാസ്ത്ര വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്. 1945-ല്‍ ജോണ്‍ ഇന്‍സ് ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട ജാനകി അമ്മാള്‍, ഇംഗ്ലണ്ടിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയില്‍ ആറു വര്‍ഷത്തോളം സൈറ്റോളജിസ്റ്റായും (കോശവിജ്ഞാന ശാസ്ത്രജ്ഞ) പ്രവര്‍ത്തിക്കുകയുണ്ടായി.
നെഹ്‌റുവിന്റെ ക്ഷണം
ജാനകി അമ്മാളെപ്പോലുള്ള ശാസ്ത്ര പ്രതിഭകള്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് നെഹ്‌റു അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. അങ്ങനെ ഒരു വ്യാഴഘട്ടക്കാലം നീണ്ട വിദേശവാസത്തിനു ശേഷം ആ ശാസ്ത്രജ്ഞ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ പ്രവര്‍ത്തനരഹിതമായ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ബി.എസ്.ഐ.) പുനഃസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നെഹ്‌റു ജാനകി അമ്മാളിനെ ക്ഷണിച്ചത്. 1951-ല്‍ ഭാരതത്തിലേക്ക് മടങ്ങിയ ജാനകി അമ്മാള്‍ ബി.എസ്.ഐ.സ്‌പെഷ്യല്‍ ഓഫിസറായി 1954 വരെ പ്രവര്‍ത്തിച്ചു. തുടര്‍ന്നുളള അഞ്ചു വര്‍ഷം അലഹബാദിലെ സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറി ഡയറക്ടറായിട്ടായിരുന്നു സേവനം. അതിനു ശേഷം കാശ്മിരിലെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ സ്‌പെഷ്യല്‍ ഓഫിസറായി. അക്കാലത്താണ് ഹിമാലയത്തിലെ സസ്യങ്ങളില്‍ ഇവര്‍ക്ക് താല്‍പര്യം ജനിച്ചത്. സസ്യങ്ങളുടെ കോശവിഭജന പഠനത്തിലും ക്രോമസോം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ സസ്യപരിണാമത്തെ സംബന്ധിച്ച പല നിഗമനങ്ങളിലും എത്തിച്ചേര്‍ന്നു. ഹിമാലയത്തിലെ സസ്യ ഇനങ്ങളുടെ ഉല്‍പ്പത്തി, ചൈന, മ്യാന്‍മര്‍, മലേഷ്യ എന്നിവിടങ്ങളിലെ സസ്യയിനങ്ങളുടെ സ്വാഭാവിക സങ്കരണം വഴിയായിരിക്കാം സംഭവിച്ചിരിക്കുക എന്ന് അനുമാനിച്ചു. സസ്യശാസ്ത്രത്തില്‍ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്‍പര്യമുണ്ടായിരുന്ന അമ്മാള്‍ ഹിമാലയപര്‍വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1970-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ലളിത ജീവിതം നയിച്ചിരുന്ന ഈ ശാസ്ത്ര സ്‌നേഹി സെന്ററിന്റെ ഫീല്‍ഡ് ലബോറട്ടറിയില്‍ തന്നെയാണ് താമസിച്ചിരുന്നത്.
മഗ്നോലിയ
തേയിലയിനത്തില്‍പെട്ട മഗ്നോലിയ എന്ന ഒരിനം ചെടി അവരുടെ സംഭാവനയില്‍പ്പെടുന്നു. ചെറിയ പുഷ്പങ്ങള്‍ ഉണ്ടാക്കുന്ന ഒരിനത്തിന്റെ പേര് മഗ്നോലിയ കോബുസ് ജാനകിയമ്മാള്‍ എന്നുതന്നെയാണ്. ജമ്മുവിലെ റീജനല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജാനകി അമ്മാള്‍ ഹെര്‍ബോറിയം എന്ന പേരില്‍ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉണ്ട്. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ടാക്‌സോണമിയില്‍ മികച്ച നേട്ടം കൈവരിക്കുന്ന ഗവേഷകര്‍ക്ക് ജാനകി അമ്മാളിന്റെ പേരിലുള്ള നാഷണല്‍ ടാക്‌സോണമി അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ജാനകി അമ്മാളിന് ഔഷധ സസ്യങ്ങളും വിളസസ്യങ്ങളും തോട്ടവിളകളും കാട്ടുചെടികളും ആദിവാസികള്‍ ഉപയോഗപ്പെടുത്തുന്ന ചെടികളുമെല്ലാം ഒരു പോലെ പ്രിയപ്പെട്ടവയായിരുന്നു.
1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവര്‍ ഗവേഷണങ്ങള്‍ തുടരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."