മറനീക്കി ഇന്ത്യയുടെ ഇസ്രാഈല്‍ ബന്ധം
അമേരിക്കയോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ചായ്‌വ് ഇസ്രാഈലിലേക്കും പടരുകയാണ്. ഇസ്രാഈലിനോട് ഇതുവരെ പുലര്‍ത്തിപ്പോന്ന രഹസ്യബന്ധങ്ങളുടെ മറകളെല്ലാം നീക്കി കൂറ് കഴിഞ്ഞ ദിവസം യു.എന്‍.ഒവില്‍ മോദി സര്‍ക്കാര്‍ പരസ്യമായി തന്നെ വെളിപ്പെടുത്തി.
യു.എന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ (ഇ.സി.ഒ.എസ്.ഒ.സി) ജൂണ്‍ ആറിനു നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ ഇസ്രാഈലിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുകയാണ്.
ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ശാഹദിന് ഇ.സി.ഒ.എസ്.ഒ.സിയില്‍ നിരീക്ഷണ പദവി ലഭിക്കുന്നതിനെതിരേ ഇസ്രാഈല്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായാണ് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്. വിദേശകാര്യ മന്ത്രിയായ എസ്. ജയശങ്കര്‍ അധികാരമേറ്റെടുത്തതിനു ശേഷം നടക്കുന്ന അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ നയമാറ്റം.
ഇന്ത്യ ഇതുവരെ യു.എന്നില്‍ പുലര്‍ത്തിപ്പോന്ന ഫലസ്തീന്‍ അനുകൂല നിലപാടില്‍നിന്നുള്ള പിന്മാറ്റമായി ഇതിനെ കാണാം. 2014ല്‍ ഒന്നാം മോദി ഭരണകാലത്തു തന്നെ ചേരിചേരാ നയത്തിലൂന്നിയ വിദേശനയം ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ഫലസ്തീന്റെ സ്വതന്ത്രമായ നിലനില്‍പ്പിനു വേണ്ടി യു.എന്നില്‍ നിരന്തരം വാദിച്ചുപോന്ന ചരിത്രമാണ് ഇന്ത്യയുടേത്. നെഹ്‌റുവിന്റെ കാലംതൊട്ട് പുലര്‍ത്തിപ്പോന്ന ഈ നയത്തില്‍നിന്ന് ഇന്ത്യ ഇതുവരെ വ്യതിചലിച്ചിരുന്നില്ല. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ജപ്പാന്‍, യു.കെ, ദക്ഷിണകൊറിയ തുടങ്ങി 28 രാജ്യങ്ങള്‍ ഇസ്രാഈലിന്റെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഫലസ്തീനിനോടൊപ്പം നിന്നത് റഷ്യ, ചൈന, സഊദി അറേബ്യ ഉള്‍പെടെ 14 രാജ്യങ്ങളായിരുന്നു. 48 അംഗ കൗണ്‍സിലില്‍ ഇന്ത്യ ഇസ്രാഈലിനൊപ്പം നിന്നതില്‍ ഇന്ത്യയോട് ഇസ്രാഈല്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഇസ്രാഈലിനെ ആദ്യമായി പിന്തുണയ്ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് പ്രശംസാവചനങ്ങളില്‍ എടുത്ത് പറയുന്നുണ്ട്.
ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ശാഹദിനെ ഹമാസിനോട് ഉപമിച്ചുകൊണ്ടാണ് ഇസ്രാഈല്‍ പ്രമേയം അവതരിപ്പിച്ചതും ഇന്ത്യയുടെ പിന്തുണയോടെ പാസാക്കിയെടുത്തതും. ഫലസ്തീനികളുടെ മനുഷ്യാവകാശത്തിനു വേണ്ടി പൊരുതുന്ന ശാഹദിനെ നിശ്ശബ്ദമാക്കേണ്ടത് ഇസ്രാഈലിന്റെയും അമേരിക്കയുടെയും താല്‍പര്യമാണ്.
ഇസ്രാഈലിന് അനുകൂലമായി ഇന്ത്യ പരസ്യമായി നിലപാടെടുത്തതോടെ സയണിസ്റ്റ്-സാമ്രാജ്യ ശക്തികള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 2014ല്‍ അധികാരമേറ്റ മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചുകൊണ്ട് നെഹ്‌റു മുതല്‍ പുലര്‍ത്തിപ്പോന്ന പാരമ്പര്യത്തെയാണ് നിരാകരിച്ചത്. ഇന്ത്യയില്‍നിന്ന് ഒരു പ്രധാനമന്ത്രി ആദ്യമായി ഇസ്രാഈല്‍ സന്ദര്‍ശിച്ചത് മോദിയാണ്. ഇസ്രാഈലിലെ പ്രമുഖ പത്രമായ മാര്‍ക്കര്‍ മോദിയുടെ സന്ദര്‍ശനം ചരിത്രപരം എന്നായിരുന്നു വിശേഷിപ്പിച്ചത്. മോദിയുടെ സന്ദര്‍ശനത്തോടെ ഭാവിയില്‍ ഇസ്രാഈലിനോടുള്ള ഇന്ത്യയുടെ നയം എന്തായിരിക്കുമെന്ന് വ്യക്തമായിരുന്നു.
ഫലസ്തീന്റെ മണ്ണില്‍ അതിക്രമിച്ചു കയറി ജൂതരാഷ്ട്രം സ്ഥാപിച്ചതിനെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതല്‍ ഇങ്ങോട്ട് മോദിക്കു മുന്‍പുണ്ടായിരുന്ന പ്രധാനമന്ത്രിമാര്‍ വരെ അര്‍ഥശങ്കക്കിടമില്ലാത്തവിധം ആവര്‍ത്തിച്ച് എതിര്‍ത്തുപോന്നതാണ്. ഫലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് 1938 മുതല്‍തന്നെ ഗാന്ധിജി നിലപാടെടുത്തിരുന്നു. പശ്ചിമേഷ്യയിലെ അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ ആത്മമിത്രമായിരുന്നു ഇന്ത്യ മോദി കാലഘട്ടംവരെ.
2017ല്‍ ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനു വേണ്ടിയുള്ള ഫലസ്തീന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യ നില്‍ക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വളരെ പെട്ടെന്നു തന്നെ അതില്‍നിന്ന് പിന്മാറി. 2015 ജൂലൈ മാസത്തില്‍ ഇസ്രാഈലിനെതിരായ പ്രമേയത്തിനു വോട്ട് ചെയ്യാതെ ഇന്ത്യ മാറിനിന്നതിലൂടെ മോദി സര്‍ക്കാറിന്റെ വാഗ്ദാനലംഘനം വെളിപ്പെടുകയായിരുന്നു.
2006ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും മോദി ഇസ്രാഈലിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. 2014ല്‍ ആദ്യതവണ പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ ആദ്യം അഭിനന്ദിച്ചത് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആയിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനത്തില്‍ നേരത്തെതന്നെ ഇസ്രാഈല്‍ ഇടപെടാന്‍ തുടങ്ങി.
മറ്റൊരു രാജ്യത്തിനും ഈ ആനുകൂല്യം മോദി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. രാജ്യത്തിന്റെ അത്യാധുനിക ആയുധ സമ്പ്രദായങ്ങളും ഭീകര വിരുദ്ധ സംവിധാനങ്ങളും സൈബര്‍ സുരക്ഷ സംബന്ധിച്ച സംവിധാനങ്ങളും ഇസ്രാഈലിനു മുന്നില്‍ മോദി സര്‍ക്കാര്‍ തുറന്നുകൊടുക്കുകയായിരുന്നു 2017ല്‍.
മുസ്‌ലിം ലോകത്തെ ഭിന്നതയും യുദ്ധത്തിനടുത്തു വരെ എത്തിനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇസ്രാഈലിനോടും അമേരിക്കയോടും കൂടുതല്‍ അടുക്കാന്‍ മോദി സര്‍ക്കാരിന് അവസരമൊരുക്കുകയായിരുന്നു. മുസ്‌ലിം ലോകത്തിന് ഇസ്രാഈലിനോടുള്ള ശത്രുതയ്ക്ക് അയവു വന്നതും മുസ്‌ലിം രാഷ്ട്രങ്ങളുടെ പരസ്പര ശത്രുതയും ഇന്ത്യ-ഇസ്രാഈല്‍ ബന്ധം ദൃഢമാക്കാന്‍ മോദി സര്‍ക്കാരിനു സഹായകരമായി. ഗള്‍ഫിലെ ആധിപത്യത്തിനായി ഇറാന്‍ ഇതര മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടത്തുന്ന അട്ടിമറികളും അറബ് ഭരണകൂടങ്ങളും സൈനിക നേതൃത്വങ്ങളും തമ്മിലുള്ള ഭിന്നതകളും ഇസ്രാഈല്‍-അമേരിക്കന്‍ അച്ചുതണ്ടിനു തഴച്ചുവളരാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുത്തത്.
അതിന്റെ പങ്കുപറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യയും എന്നുവേണം കരുതാന്‍. ഇന്ത്യയുടെ സുഹൃത്തുക്കള്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ഇറാന് ശാഠ്യമൊന്നും ഇല്ലെന്നായിരുന്നു ഈയിടെ ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ പറഞ്ഞതെന്ന് ഈ സന്ദര്‍ഭത്തില്‍ സ്മരിക്കാം.
ഇന്ത്യയില്‍ 170 മില്യണ്‍ വരുന്ന മുസ്‌ലിംകളെയും ഇന്ത്യയ്ക്കു ക്ഷേത്രം പണിതുകൊടുത്ത യു.എ.ഇയെയും അലോസരപ്പെടുത്തുന്ന നിലപാടാണ് യു.എന്നില്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചത്. ഇന്ത്യയുടെ സുഹൃത്തുക്കളായ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ യു.എന്നിലെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ഒരക്ഷരം മിണ്ടിയില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. ഇതില്‍നിന്നെല്ലാം മനസിലാകുന്നത് ഫലസ്തീന്‍ ലോകത്ത് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയും അനാഥമാക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നാണ്. ഫലസ്തീന്‍ ജനതയുടെ കാര്യം ഏറ്റെടുക്കാന്‍ ലോകത്ത് ആരുമില്ലാത്ത ഒരവസ്ഥയിലാണിപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."