വിദേശ ഹാജിമാരുടെ ലഗേജുകള്‍ ഇനി താമസ സ്ഥലത്തേക്ക് നേരിട്ട്
മക്ക: വിദേശ ഹാജിമാരുടെ ലഗേജുകള്‍ താമസ സ്ഥലത്തേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതി ഒപ്പ് വച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്ന ഹജ്ജ് തീര്‍ഥാടകരുടെ ലഗേജുകള്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും മക്കയിലെ താമസസ്ഥലങ്ങളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ തീര്‍ഥാടകര്‍ക്ക് വന്‍ ആശ്വാസമായിരിക്കും ലഭിക്കുക.
സഊദി ഹജ്ജ്, ഉംറ മന്ത്രാലയവും സഊദി കസ്റ്റംസുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയോടൊപ്പം തുര്‍ക്കി, മൊറോക്കൊ, അള്‍ജീരിയ, തുനീഷ്യ, കുവൈത്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുക. സഊദി ഹജ്, ഉംറ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജിദ്ദ ഹജ്ജ്, ഉംറ മന്ത്രാലയ ശാഖാ മേധാവി എന്‍ജിനീയര്‍ മര്വാന് അല്‍സുലൈമാനിയും സഊദി കസ്റ്റംസിനെ പ്രതിനിധീകരിച്ച് ജിദ്ദ എയര്‍പോര്‍ട്ട് കസ്റ്റംസ് മേധാവി മിശ്അല്‍ അല്സുബൈദിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
തീര്‍ഥാടന യാത്രയില്‍ ലഗേജുകള്‍ കൈവശം വെക്കുന്നത് ഹാജിമാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ലഗേജുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് പുണ്യസ്ഥലങ്ങളില്‍ എത്തിക്കുകയും ഹജ്ജ് പൂര്‍ത്തിയായ ശേഷം പുണ്യസ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ലഗേജുകള്‍ വീണ്ടും താമസസ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതിനും നീക്കമുണ്ട്.
ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ആണ് ലഗേജില്ലാത്ത ഹജ്ജ് എന്ന് പേരിട്ട പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആഭ്യന്തര തീര്‍ഥാടകര്‍ പ്രത്യേകം ഫീസ് നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."