ചരിത്രം കലാമിനു മുന്‍പും ശേഷവും
2015 ജൂലൈ 27. ആധുനിക ഇന്ത്യയുടെ ചരിത്രം കലാമിനു മുന്‍പും ശേഷവും എന്നു വിഭജിക്കപ്പെട്ട ദിവസമാണത്. ബഹിരാകാശം, മിസൈല്‍ സാങ്കേതികവിദ്യ, ആണവായുധം തുടങ്ങിയ മേഖലയില്‍ വികസിതരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടിയായിരുന്നു എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജീവിതം. ചന്ദ്രനും കടന്നു ചൊവ്വയോളം അതിര്‍ത്തിരേഖ മറികടക്കാനുള്ള 'അഗ്‌നി'യുടെ ശരവേഗവും ഒരു വന്‍ശക്തിക്കും കീഴടക്കാനാകാത്ത അനന്തമായ ഊര്‍ജത്തെ വരുതിയിലാക്കിയ ആത്മവിശ്വാസവും; അതായിരുന്നു എ.പി.ജെ അബ്ദുല്‍ കലാം.
ഇന്ത്യക്കാരെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചു സ്വന്തം ആയുസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു അദ്ദേഹം. ഇന്ത്യയെ വികസിതരാഷ്ട്രമാക്കുകയായിരുന്നു കലാമിന്റെ സ്വപ്നം. 'വിഷന്‍ ഇന്ത്യ 2020' എന്ന പുസ്തകത്തിലൂടെ ഈ ചിന്തകള്‍ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളുമായി പങ്കുവച്ചു. അതിനു യോജിച്ചരീതിയില്‍ യുവശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ആണവായുധരംഗത്തു കൈവരിച്ച നേട്ടത്തിലൂടെ ഭാവിയില്‍ വന്‍ശക്തികളെ മറികടക്കാനാകുമെന്ന സാധ്യതയിലാണു നാമിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് തീര്‍ച്ചയായും എ.പി.ജെയോടാണ്.
1967ല്‍ വിക്രംസാരാഭായി കലാമിനെയും എയര്‍ഫോഴ്‌സിലെ ക്യാപ്റ്റന്‍ വി.എസ് നാരായണനെയും വിളിച്ചുവരുത്തി സാറ്റ്‌ലൈറ്റ് റോക്കറ്റുകളെക്കുറിച്ചു സംസാരിച്ചു. ദില്ലിയിലെ അശോകാ ഹോട്ടലില്‍ നടന്ന ഈ ചര്‍ച്ചയാണ് ഇന്ത്യന്‍ നിര്‍മിത റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കും ബീജാവാപമായത്. 12 വര്‍ഷത്തെ കഠിനതപസ്യയുടെ ഫലമായി 1979ല്‍ ഓഗസ്റ്റ് 10 നു ശ്രീഹരിക്കോട്ടയില്‍ എസ്.എല്‍.വി 3 വിക്ഷേപിക്കപ്പെട്ടു. ചരിത്രമുഹൂര്‍ത്തമായിരുന്നെങ്കിലും അതൊരു പരാജയംകൂടിയായി. മുകളിലേയ്ക്കുയര്‍ന്ന റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു.
റോക്കറ്റ് വിക്ഷേപണത്തിനായി ഊണുമുറക്കവും ഉപേക്ഷിച്ച് അധ്വാനിച്ച അബ്ദുല്‍ കലാമിനെപ്പോലുള്ള ശാസ്ത്രജ്ഞരെ നിരാശ അടിമുടി ബാധിച്ച സമയം. പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുത്തു കലാം തന്നിലേയ്ക്ക് ഒതുങ്ങിക്കൂടി. പക്ഷേ, പ്രതിഭാധനന്മാരായ കലാമിനെപ്പോലുള്ളവര്‍ നിരാശരായി നില്‍ക്കാന്‍ പാടില്ലെന്നു വി.എസ്.എസ്.സി ഡയരക്ടര്‍ ഡോ. ബ്രഹ്മപ്രകാശിനു തോന്നി. അദ്ദേഹം കലാമിന് ആത്മവീര്യം പകര്‍ന്നു. ആ ആത്മവീര്യം പെട്ടെന്നുതന്നെ സഫലമായി. 1980 ജൂലൈ 17ന് എസ്.എല്‍.വി 1 റോക്കറ്റ് രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു.
ഇവിടെത്തുടങ്ങുന്നു ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളുടെയും ഇന്ത്യന്‍ പ്രതിരോധശക്തിയുടെയും വിജയഗാഥ.
ഇന്ത്യയെ ആകാശത്തോളം സ്വപ്നംകാണാന്‍ പഠിപ്പിച്ച അബ്ദുല്‍ കലാം ആകാശത്തിനുമപ്പുറമുള്ള തന്റെ സ്വപ്നം ബാക്കിവച്ചാണു യാത്രയായത്. സൗരോര്‍ജ്ജത്തിന്റെ അളവറ്റ ശക്തിയെക്കുറിച്ചു കലാം ഏറെ ബോധവാനായിരുന്നു. ബഹിരാകാശത്തുവച്ചു സൗരോര്‍ജ്ജമുപയോഗിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു ഭൂമിയിലെത്തിക്കാനുള്ള സ്വപ്നപദ്ധതിയായിരുന്നു കലാമിന്റെ മനസിലുണ്ടായിരുന്നത്. രാത്രിയെന്നോ, പകലെന്നോ, മഴയെന്നോ, വെയിലെന്നോ വ്യത്യാസമില്ലാതെ ഒരിക്കലും അവസാനിക്കാത്ത ഊര്‍ജസ്രോതസായാണു ബഹിരാകാശ വൈദ്യുതിയെ കലാം കണ്ടത്.
ബഹിരാകാശ ശാസ്ത്രജ്ഞരുമായും ഐ.ഐ.ടികളിലെ ഗവേഷകരുമായും ഈ വിഷയം പങ്കുവച്ചിരുന്നു. 2012ല്‍ കലാമിന്റെ ചൈനാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ഒത്തുചേര്‍ന്നു സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപഗ്രഹം നിര്‍മിക്കുവാനും പദ്ധതിയിട്ടിരുന്നു. ജന്മനാടായ രാമേശ്വരത്ത് എട്ടും പത്തും മണിക്കൂര്‍ വൈദ്യുതിയില്ലാത്തതിന്റെ വേദനയില്‍നിന്നാണു ബഹിരാകാശ വൈദ്യുതിയെന്ന ആശയം കലാമില്‍ ഉടലെടുത്തത്. സാധാരണ മനുഷ്യരുടെ ചിന്തയ്ക്കും ഭാവനയ്ക്കുമപ്പുറത്തായിരുന്നു അത്.
കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശപേടകങ്ങളും സൗരവൈദ്യുതി ആശ്രയിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഭൂമിയില്‍ സൗരവൈദ്യുതി എത്തിക്കുകയെന്ന അതീവശ്രമകരമായ സ്വപ്നം ശാസ്ത്രീയാടിത്തറയോടെയാണു കലാം അവതരിപ്പിച്ചത്. ഭൂമിയുടെ ഉപരിതലത്തിലുള്ളതിനേക്കാള്‍ 1.4 മടങ്ങ് കൂടുതലാണ് ബഹിരാകാശത്തെ പ്രകാശതീവ്രത. കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടസമാവാതെ 24 മണിക്കൂര്‍ ഉല്‍പ്പാദനം സാധ്യമാവുകയും ചെയ്യും.
ഊര്‍ജത്തെ വഹിച്ചു ഭൂമിയിലെത്തിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ ഐ.എസ്.ആര്‍.ഒ ഗവേഷണം തുടങ്ങുകയും ചെയ്തു. ബഹിരാകാശത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നാനോ എനര്‍ജി പായ്ക്കുകളായി ഭൂമിയില്‍ എത്തിക്കുന്നതിനെക്കുറിച്ചു ബംഗളൂരുവിലെ സാറ്റ്‌ലൈറ്റ് കേന്ദ്രത്തില്‍ ഗവേഷണം പുരോഗമിക്കുകയാണ്.
ഈ സ്വപ്നസാക്ഷാത്കാരം സാധ്യമാവുമെന്നതിനു ബലം നല്‍കിക്കൊണ്ടു ജപ്പാന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'ജപ്പാന്‍ എയ്‌റോ സ്‌പേയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി' (ജക്‌സ) വയറുകളില്ലാതെ സൂക്ഷ്മതരംഗങ്ങളുടെ രൂപത്തില്‍ വൈദ്യുതിപ്രസരണം നടത്തി. രണ്ടു കിലോവാട്ട് വൈദ്യുത മൈക്രോവേവുകളുടെ രൂപത്തില്‍ 55 മീറ്റര്‍ ദൂരത്തേയ്ക്കാണ് എത്തിച്ചത്. ബഹിരാകാശവൈദ്യുതി ഭൂമിയിലെത്തിക്കാനുളള സാങ്കേതികവിദ്യയുടെ ആദ്യ ചുവടായിരുന്നു ഇത്. രണ്ടു ശാസ്ത്രജ്ഞരെ ജപ്പാനില്‍ അയച്ച് ഇതേക്കുറിച്ചു വിവരശേഖരണം നടത്താനും ഗവേഷകരുമായി സംവദിക്കാനും കലാം ശ്രമം നടത്തിയിരുന്നു.
ശത്രുരാജ്യത്തിന്റെ ഏതുതരം ആക്രമണവും നേരിടാന്‍സഹായിക്കുന്ന പ്രതിരോധ കവചമെന്നത് എ.പി.ജെയുടെ മറ്റൊരു സ്വപ്നമായിരിക്കുന്നു. അതും യഥാര്‍ഥമായിക്കഴിഞ്ഞു. രാജ്യത്തിന്റെ അഭിമാന പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡി.ആര്‍.ഡി.ഒ ഇപ്പോള്‍ ഇത്തരമൊരു പ്രതിരോധകവചത്തിന്റെ മിനുക്കുപണിയിലാണ്. കിലോ ആംപിയര്‍ ലീനിയര്‍ ഇന്‍ജക്ടര്‍ എന്നാണിതിന്റെ പേര്. ഇതൊരു ഊര്‍ജ വിസര്‍ജനായുധമാണ്. ഇന്ത്യയുടെ പ്രതിരോധായുധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു കിലോ ആംപിയര്‍ ലീനിയര്‍ ഇന്‍ജക്ടര്‍ 5000.
ശത്രുരാജ്യങ്ങളുടെ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുപുറമേ ഉപഗ്രങ്ങളെപ്പോലും നശിപ്പിക്കാന്‍ ശേഷിയുള്ളതുമായ ഈ വജ്രായുധം ഇന്ത്യ വികസിപ്പിച്ചെടുക്കുന്നത് അല്‍പ്പം പേടിയോടെയാണു ശത്രുരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ഇലക്ട്രോണുകളെ നേര്‍രേഖയില്‍ അതിവേഗം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ലീനിയര്‍ ഇലക്ട്രോണ്‍ ആക്‌സലറേറ്ററാണ് 'കാലി'. ഇങ്ങനെ അതിവേഗം നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഇലക്ട്രോണുകളുപയോഗിച്ചു മറ്റ് ഇലക്ട്രോണുകളെ ഫ്‌ളാഷ് എക്‌സറേകളാക്കി മാറ്റുന്നു. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന എക്‌സറേ രശ്മികളുപയോഗിച്ചാണു ശത്രുരാജ്യങ്ങളുടെ മിസൈലുകളും മറ്റും നശിപ്പിക്കുന്നത്.
'റിലേറ്റിവിസ്റ്റിക് ഇലക്ട്രോണ്‍ ബീംസ് ' എന്നാണ് ഇത്തരം തരംഗങ്ങളെ പൊതുവേ പറയുന്നത്. ഈ തരംഗങ്ങള്‍ക്കു മിസൈലുകളുടെ പുറംകവചം തുളയ്ക്കാതെ അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കാന്‍ സാധിക്കും. അമേരിക്കയടക്കമുള്ള ആയുധ ഗവേഷണരംഗത്തെ മുന്‍രാജ്യങ്ങള്‍ പരീക്ഷിച്ചു പരാജയമടഞ്ഞ സംവിധാനമാണിത്. അവിടെയാണ് ഇന്ത്യ വിജയം കണ്ടുതുടങ്ങിയിരിക്കുന്നത്.
സാധാരണ ലേസര്‍കിരണങ്ങള്‍ പല വികസിതരാജ്യങ്ങള്‍ക്കുമുണ്ട്. ഇവയുപയോഗിച്ച് ആയുധങ്ങളെ തകര്‍ക്കുകയും ചെയ്യും. എന്നാല്‍, ലേസര്‍ബീമുകള്‍ക്കു പുറംകവചങ്ങള്‍ തുളച്ചുമാത്രമേ ആയുധങ്ങളെ നശിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇതിന് ഏറെ സമയമെടുക്കും. കിലോ ആംപിയര്‍ ലീനിയര്‍ ഇന്‍ജെക്ടര്‍ പുറപ്പെടുവിക്കുന്നത് അതിശക്തമായ തരംഗങ്ങളാണ്. ഇത്തരം കാന്തികതരംഗങ്ങള്‍ക്ക് ഒന്നിനേയും തുളയ്ക്കാതെ ആയുധങ്ങളുടെ അകത്തുകടന്ന് അവയെ തകരാറിലാക്കാനാകും. ഇതിനായി 1000 മില്യണ്‍ വാട്ട് ഊര്‍ജംവരുന്ന മൈക്രോവേവ് തരംഗങ്ങളാണു പുറപ്പെടുവിക്കുന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനവും (ഡി.ആര്‍.ഡി.ഒ) ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററും സംയുക്തമായാണു കിലോ ആംപിയര്‍ ലീനിയര്‍ ഇന്‍ജക്ടര്‍ വിജയിപ്പിച്ചെടുത്തത്.
ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണപദ്ധതിക്ക് അബ്ദുല്‍ കലാമിനൊപ്പം നേതൃത്വം നല്‍കിയ അന്നത്തെ അറ്റോമിക് എനര്‍ജി കമ്മിഷന്‍ ഡയരക്ടറായിരുന്ന ഡോ. ആര്‍. ചിദംബരം 1985 ലാണ് ഈ പ്രൊജക്ട് അവതരിപ്പിച്ചത്. എങ്കിലും, 1989ലാണു നിര്‍മാണപ്രവര്‍ത്തനമാരംഭിച്ചത്. 2004ല്‍ ഇന്ത്യയുടെ പ്രതിരോധായുധങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. 2012ല്‍ പരീക്ഷിക്കുകയും ചെയ്തു. വിവരങ്ങള്‍ ഇതുവരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
അത്യാധുനിക മിസൈലുകള്‍ പൂര്‍ണമായും തദ്ദേശസാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിക്കാന്‍ ലക്ഷ്യംവച്ചുകൊണ്ട് ഇന്ത്യന്‍സര്‍ക്കാര്‍ നടത്തിയ പദ്ധതിയായിരുന്നു 'സംയോജിത ഗൈഡഡ് മിസൈല്‍ വികസനപദ്ധതി.' മിസൈല്‍ സാങ്കേതിക വിദ്യാരംഗത്ത് അബ്ദുല്‍ കലാമിന്റെ കീഴില്‍ ഇന്ത്യ നടത്തിയ ഒരു കുതിച്ചുചാട്ടമായിരുന്നു ഈ പദ്ധതി. മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി (രണ്ടും സര്‍ഫസ് ടു സര്‍ഫസ് മിസൈലുകള്‍), സര്‍ഫസ് ടു എയര്‍ മിസൈലുകളായ ആകാശ്, തൃശ്ശൂല്‍, ടാങ്ക്‌വേധ മിസൈലായ നാഗ്, എയര്‍ ടു എയര്‍ മിസൈലായ അസ്ത്രം എന്നിവ വികസിപ്പിച്ചെടുക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ച അബ്ദുല്‍ കലാം ബാക്കിവച്ച സ്വപ്നങ്ങളിലൊന്നായിരുന്നു കിലോ ആംപിയര്‍ ലീനിയര്‍ ഇന്‍ജക്ടര്‍ വികസിപ്പിച്ചെടുക്കുകയെന്നത്.
ഇന്ത്യ വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റമായ 'ഇന്ത്യന്‍ റീജിയനല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റം' പ്രവര്‍ത്തനക്ഷമമായിരിക്കുന്നു. ഐ.എസ്.ആര്‍.ഒക്ക് ഇത് അഭിമാനകരമായ മറ്റൊരു വിജയപരമ്പരയാണ്. 2013 വരെ ഇന്ത്യക്കു സ്വന്തമായി നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റമില്ലായിരുന്നു, അബ്ദുല്‍ കലാമിന്റെ പ്രയാണത്തിനൊപ്പം ഒരു കൂട്ടം ശാസ്ത്രജ്ഞരും പങ്കുചേര്‍ന്നതോടെ 2013 ജൂലൈ ഒന്നിന് ഈ ശ്രേണിയിലെ ആദ്യത്തെ ഐ.ആര്‍.എന്‍.എസ്.എസ് 1 എയുടെ വിക്ഷേപണം വിജയകരമായി നടത്തി. ഇന്ന് ഈ ശ്രേണിയിലെ അവസാനത്തെയും ഏഴാമത്തെയും വിക്ഷേപണത്തോടെ ഇന്ത്യയും അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സ്വന്തമായി നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റമുള്ള രാജ്യമെന്ന പദവി അലങ്കരിക്കും.
നിലവില്‍ അമേരിക്കയുടെ ജി.പി.എസാണ് ആഗോളതലത്തില്‍ ഉപയോഗിച്ചുവരുന്നത്. 2017 ആകുമ്പോഴേയ്ക്കും അമേരിക്കയെ പിറകിലാക്കി ഇന്ത്യയുടെ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റം ആഗോളതലത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ സജ്ജമാകും.
രാജ്യപുരോഗതിയില്‍ കലാമിന്റെ സ്വപ്നങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പൂവണിയുകയാണ്. സ്വപ്നം കാണാന്‍ തയാറായാല്‍ ഉയരങ്ങള്‍ കീഴടക്കാമെന്ന കലാമിന്റെ വാക്കുകളാണ് ഇവിടെ സാര്‍ഥകമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."