സ്വര്‍ണക്കടത്ത്: വിഷ്ണു സോമസുന്ദരം ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി വിഷ്ണു സോമസുന്ദരം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നു ഹൈക്കോടതി. ഈ മാസം 17ന് ഹാജരാകാനാണ് നിര്‍ദേശം. ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമന്നും ഉത്തരവില്‍ പറയുന്നു.
വിഷ്ണു സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ അന്നു തന്നെ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് ജാമ്യാപേക്ഷ തീര്‍പ്പുകല്‍പ്പിച്ചത്.
കേസുമായി ബന്ധപ്പെട്ടു സമന്‍സ് നല്‍കിയിട്ടേയുള്ളൂവെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ഡി.ആര്.ഐ കോടതിയില്‍ വാദിച്ചു. സമന്‍സ് പുറപ്പെടുവിക്കുമ്പോള്‍ തന്നെ പ്രതിയായെന്ന കണക്കുകൂട്ടലിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്നും ഡി.ആര്.ഐ സമര്‍പ്പിച്ച എതിര്‍വാദത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."