മണല്‍ മാഫിയയോട് മല്ലിടാന്‍ ഇനിയില്ല; ഗായകന് എരഞ്ഞോളി മൂസ ദേശം വിട്ടുപോകുന്നു
തലശ്ശേരി: കടല്‍തീരത്തെ അനധികൃത മണലൂറ്റിനെതിരേ നിരന്തരം പോരാടിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ മാഫിയകളുടെ ഭീഷണി കാരണം സ്വന്തം വീടുവിട്ടുപോകുന്നു. മാഫിയകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്തും കടലാക്രമണ ഭീഷണി ഭയന്നുമാണ് അദ്ദേഹത്തിന്റെ നാടുവിടാനുള്ള തീരുമാനം.
പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള മണലൂറ്റലിന്റെ ഫലമായി തലശ്ശേരി ചാലിലെ മൂസയുടെ വീട് ഏതുനിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. മണല്‍ മാഫിയക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ നേരത്തേ മൂസക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നിരുന്നു. ഇനിയും മണലൂറ്റുകാരുമായി ഏറ്റുമുട്ടാനില്ലെന്നാണ് മൂസയുടെ നിലപാട്. അതിനാല്‍ തന്നെ അരനൂറ്റാണ്ടായി താമസിക്കുന്ന കടല്‍ത്തീരം വിട്ട് അനുയോജ്യമായ മറ്റെവിടെയെങ്കിലും വീട് തേടാനുള്ള പുറപ്പാടിലാണ് എരഞ്ഞോളി മൂസയും കുടുംബവും.
അനധികൃതമായി മണലൂറ്റിയതിനെ തുടര്‍ന്നു തീരപ്രദേശത്തെ 25 ഓളം വീടുകളില്‍ വെള്ളംകയറുകയാണ്. കടല്‍ഭിത്തി സംരക്ഷിച്ചു തീരപ്രദേശത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയും ഇനിയും ആരംഭിച്ചിട്ടില്ല. മൂസയുള്പ്പടെയുള്ളവര് പതിറ്റാണ്ടുകളായി താമസിച്ചുവന്ന മണ്ണാണ് വിട്ടുപോകേണ്ടി വരുന്നത്. ആയിരത്തിലധികം വേദികളില്‍ ഗാനം ആലപിച്ച് കൈയടി വാങ്ങിയ വലിയ കലാകാരനാണ് സ്വന്തം നാട് തന്നെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥ വന്നിരിക്കുന്നത്. മസ്കറ്റില്‍ സ്വന്തം പേരില്‍ ജങ്ഷന് തന്നെയുള്ള ഈ ഇശലിന്റെ സുല്‍ത്താന്‍ നാടുവിടുന്നതില്‍ വളരെയധികം സങ്കടമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."