ആന്ധ്രയില്‍ തന്ത്രപ്രധാന താവളങ്ങള്‍ ഒരുക്കാന്‍ വ്യോമസേന
അമരാവതി: ആന്ധാപ്രദേശില്‍ വ്യോമസേനയുടെ തന്ത്രപ്രധാനമായ താവളങ്ങള്‍ സജ്ജീകരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന തങ്ങളുടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ആന്ധ്രയില്‍ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ വ്യോമസേന തീരുമാനിച്ചത്. ഇതുസംബന്ധിച്ച പദ്ധതികള്‍ വ്യോമസേന ആന്ധ്രാ സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രകാശം ജില്ലയിലെ ദൊനകോണ്ടയില്‍ ഹെലികോപ്റ്റര്‍ പരിശീലന കേന്ദ്രം, അനന്ദാപൂര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മാണത്തിനുള്ള സൗകര്യം, അമരാവതിയില്‍ സൈബര്‍ സുരക്ഷാ കേന്ദ്രം, രാജമുന്‍ഡ്രിയിലും വിജയവാഡയിലും വ്യോമ താവളങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി.
ഇതിനുള്ള സര്‍വേ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കിഴക്കന്‍ തീരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് ഇവ സ്ഥാപിക്കുന്നതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവുമായി പദ്ധതി സംബന്ധിച്ച് മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ പരിശീലന കേന്ദ്രത്തിനായി ദൊനകോണ്ടയില്‍ 2700 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സൈനിക പദ്ധതികല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു. വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."