രാജിവ് വധം: ഇരകളുടെ ബന്ധുക്കള്‍ക്ക് പുതിയ ഹരജി നല്‍കാമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: രാജിവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ മൂന്നാഴ്ചക്കകം പുതിയ ഹരജി സമര്‍പ്പിക്കാമെന്ന് സുപ്രിംകോടതി.
കേസിലെ ഏഴുപ്രതികളെയും മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രാജിവ് ഗാന്ധിക്കൊപ്പം കൊല്ലപ്പെട്ട 14 പേരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരോട് ആക്ഷേപമുണ്ടെങ്കില്‍ പുതിയ ഹരജി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടത്.
പ്രതികളെ മോചിപ്പിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് ഇരകളുടെ ബന്ധുക്കള്‍ വ്യക്തമാക്കി. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതനെ സമീപിക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതിയായ പേരറിവാളന്‍ നല്‍കിയ ദയാഹരജി പരിഗണിച്ചുകൊണ്ട്, പ്രതികളുടെ മോചനത്തിനുള്ള വിവേചനാധികാരം തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നല്‍കി ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."