മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരേ രൂപഭംഗി
കോഴിക്കോട്: നഗരത്തിന്റെ മുഖംമിനുക്കുന്ന മിഠായിത്തെരുവ് നവീകരണ പദ്ധതി ജൂലൈ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ്. മിഠായിത്തെരുവ് നവീകരണം സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പദ്ധതിയെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചത്.
മിഠായിത്തെരുവിന്റെ സുരക്ഷയും ഭംഗിയും സൗകര്യങ്ങളും മെച്ചപ്പെടുത്തി കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന പ്രധാന വ്യാപാര കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ വ്യാപാരികള്‍ തന്നെയായതിനാല്‍ അവരുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി, ടെലിഫോണ്‍ കേബിളുകളും ജലവിതരണ പൈപ്പും സുരക്ഷിതമായി ഭൂമിക്കടിയിലൂടെ കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത്. തെരുവിന്റെ ഇരുവശങ്ങളിലും ട്രഞ്ചുകള്‍ കീറിയുള്ള പ്രവൃത്തി നിശ്ചിതസമയത്തിനകം തന്നെ പൂര്‍ത്തീകരിക്കും. വിവിധ വകുപ്പുകളും കരാറുകാരും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഫെബ്രുവരി 25ന് ചേര്‍ന്ന വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ നിര്‍ദേശിക്കപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ തയാറായതിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. കച്ചവട സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം ആഗ്രഹിക്കുന്നില്ല. എന്നാല്‍ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിന്റെ പേരില്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസത്തിനകം പ്രവൃത്തി നടത്തിയാല്‍ നടപടിയില്‍ നിന്ന് ഒഴിവാകാം. നവീകരണ പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരേ പോലെയുള്ള രൂപ ഭംഗിയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടം ഇതിന്റെ രൂപരേഖ തയാറാക്കി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കും. എസ്.കെ പൊറ്റെക്കാട്ട് ജങ്ഷനിലും റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനിലും ആകര്‍ഷകമായ ഗേറ്റുകള്‍ സ്ഥാപിക്കും.
തെരുവിന്റെ ഇരുവശങ്ങളിലും ചിത്രത്തൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, അഡിഷണല്‍ തഹസില്‍ദാര്‍ അനിതകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."