മദ്‌റസാ പഠനാരംഭത്തിനിടെ കാന്തപുരം വിഭാഗത്തിന്റെ അക്രമം: നാലുപേര്‍ക്ക് പരുക്ക്
അരീക്കോട്: പഠനാരംഭത്തിനിടെ മദ്‌റസയില്‍ കാന്തപുരം വിഭാഗം പ്രവര്‍ത്തകരുടെ അക്രമം. മദ്‌റസ സെക്രട്ടറിക്കും നാട്ടുകാര്‍ക്കും പരുക്ക്. മദ്‌റസ സെക്രട്ടറി കാരങ്ങാടന്‍ അബ്ദുല്‍ ലത്തീഫ്(49), വിദ്യാര്‍ഥിയെ മദ്‌റസയില്‍ ചേര്‍ക്കാനെത്തിയ മാപ്പിളവീട്ടില്‍ അബ്ദുല്‍ ഹമീദ്(50), ശങ്കരന്‍കണ്ടി മുഹമ്മദ്(60), കാട്ടില്‍ വീട്ടില്‍ ഹാരിസ്(41) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലും അരീക്കോട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30ന് അരീക്കോട് വാലില്ലാപുഴ തര്‍ബിയ്യത്തുല്‍ ഉലൂം മദ്‌റസയിലാണ് സംഭവം. സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയാണിത്. ക്ലാസെടുക്കാനായി എത്തിയ അധ്യാപകനെ എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എത്തിയ സംഘം തടഞ്ഞതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.
വെട്ടുപാറ സ്വദേശിയായ മുഹമ്മദ് കുഞ്ഞി(50)നെയാണ് മദ്‌റസക്ക് മുന്‍പില്‍ തടഞ്ഞുവച്ചത്. അധ്യാപകനെ തടഞ്ഞത് ചോദിക്കാനെത്തിയ മദ്‌റസ സെക്രട്ടറിയെയും രക്ഷിതാക്കളെയും അക്രമികള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. മദ്‌റസ സെക്രട്ടറി അബ്ദുല്‍ ലത്തീഫിന് കണ്ണിനും മുഖത്തും പുറംഭാഗത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഹമ്മദിനും ഹാരിസിനും അബ്ദുല്‍ ഹമീദിനും മുഖത്തും കൈകാലുകള്‍ക്കും തോളെല്ലിനുമാണ് പരുക്കേറ്റത്.
ഇരുമ്പ് പൈപ്പ്, കത്തി, കരിങ്കല്ല് തുടങ്ങിയ ആയുധങ്ങളുമായി എത്തിയ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആയുധവുമായി സംഘം അഴിഞ്ഞാടിയതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലായി. കുട്ടികള്‍ ബഹളംവച്ചതോടെ മദ്‌റസയിലേക്ക് ഓടിയെത്തിയ രക്ഷിതാക്കള്‍ക്ക് നേരെയും ഇവര്‍ അക്രമം അഴിച്ചുവിട്ടു. അരീക്കോട് പൊലിസ് സ്ഥലത്തെത്തിയയോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."