മുന്നോക്ക സംവരണത്തില്‍ വഞ്ചനാ നിലപാട്; പിന്നോക്ക മുന്നണി രൂപീകരണ നീക്കം ശക്തമാക്കി എസ്.എന്‍.ഡി.പി
മത്സരപരീക്ഷാ കോച്ചിങ് സെന്ററുകള്‍ തുറക്കും
ഫൈസല്‍ കോങ്ങാട്
പാലക്കാട്: പിന്നോക്കക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത ഇടതുസര്‍ക്കാരിനും ഇക്കാര്യത്തില്‍ സര്‍വ പിന്തുണയും പ്രഖ്യാപിച്ച കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എസ്.എന്‍.ഡി.പി നേതൃത്വം.
ഇടത്, വലത് മുന്നണികളും ബി.ജെ.പിയും അല്ലാതെ മുഴുവന്‍ പിന്നോക്ക വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുന്നണി രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പിന്നോക്കക്കാരെ ഉള്‍പ്പെടുത്തി മൂന്നാം മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പിയും അവര്‍ക്കൊപ്പം നിലകൊള്ളുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇടത്, വലത് മുന്നണികളും എന്‍.ഡി.എയും ഒരുപോലെ അവഗണിച്ച മുന്‍കാല അനുഭവങ്ങള്‍ മുന്നിലുള്ളതിനാല്‍ പുതിയ മുന്നണിയുടെ ഭാഗമായി മാത്രം ഒതുങ്ങാതെ നേതൃത്വം എസ്.എന്‍.ഡി.പിയുടെ കൈകളില്‍ ഭദ്രമാകണമെന്ന വികാരം എസ്.എന്‍.ഡി.പി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വെള്ളാപ്പള്ളി തന്നെ മുന്‍കൈയെടുത്ത് മുന്നണി രൂപീകരണത്തിനുള്ള നീക്കം നടത്തുന്നത്.
ഈഴവ, എസ്.സി, എസ്.ടി, മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം.
വെള്ളാപ്പള്ളിയോ തുഷാറോ നേതൃസ്ഥാനത്തു വരുന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ ഇതരവിഭാഗങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ലെന്നാണ് സൂചന. സവര്‍ണ താല്‍പര്യങ്ങള്‍ മാത്രമുള്ള ബി.ജെ.പിയെയും ഇടത്, വലത് മുന്നണികളെയും ഒരേ ദൂരത്തില്‍ നിര്‍ത്തണമെന്നതാണ് ഭൂരിപക്ഷം പിന്നോക്ക സമുദായ നേതൃത്വങ്ങളുടെയും നിലപാട്. മുന്നണി രൂപീകരണ ആശയം പങ്കുവച്ച് വെള്ളാപ്പള്ളി വിവിധ സമുദായ നേതൃത്വങ്ങളുമായി ഫോണില്‍ ഇതിനകം ബന്ധപ്പെട്ടു തുടങ്ങിയതായും വിവരമുണ്ട്.
അതോടൊപ്പം ഈഴവ സമുദായത്തെ മത്സര പരീക്ഷകളില്‍ വിജയിപ്പിച്ചെടുക്കാന്‍ യോഗ്യതയും കഴിവുമുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തി സിവില്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഒരുക്കുന്നതിനുള്ള കോച്ചിങ് സെന്ററുകള്‍ തുടങ്ങാനും യോഗനേതൃത്വം തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷത്തെ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന ക്ലാസുകള്‍ മിക്ക കേന്ദ്രങ്ങളിലും ഈമാസം 20നുള്ളില്‍ ആരംഭിക്കും. ഇതിനായി എം.എ, എം.എസ്.സി, എം.കോം തുടങ്ങിയ ബിരുദാനന്തര കോഴ്‌സുകളോ ബി ടെക്, എം.ബി.ബി.എസ് പോലുള്ള പ്രൊഫഷനല്‍ കോഴ്‌സുകളോ കഴിഞ്ഞ അഞ്ചു വിദ്യാര്‍ഥികളെ ഓരോ ശാഖകളില്‍ നിന്നും തിരഞ്ഞെടുത്ത് ടെസ്റ്റ് നടത്തി 1,020 പേരെ ഈവര്‍ഷം തന്നെ പരിശീലനത്തിന് അയയ്ക്കണമെന്നാണ് എസ്.എന്‍.ഡി.പി യോഗം താഴേത്തട്ട് വരെ അറിയിച്ചിരിക്കുന്നത്.
ഒരു വിദ്യാര്‍ഥിക്ക് വര്‍ഷത്തേക്ക് 80,000 രൂപയും താമസചെലവിനു പ്രതിമാസം 7,500 രൂപയും നേതൃത്വം സൗജന്യമായി ചെലവഴിക്കും. തിരുവനന്തപുരം കേന്ദ്രമായായിരിക്കും പരിശീലനം നടത്തുക. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ വിശദവിവരങ്ങള്‍ ഏഴിനുള്ളില്‍ യോഗം ഓഫിസില്‍ മെയില്‍ വഴി എത്തിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."