നേതാവിനോട് പെട്രോള്‍ വിലക്കയറ്റത്തെ കുറിച്ച് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം
ചെന്നൈ: തമിഴ്നാട് ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വിലക്കയറ്റത്തെപ്പറ്റി ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. തമിഴിസൈ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പിറകില്‍ നിന്ന് കതിര് എന്നയാളുടെ ചോദ്യം.
തമിഴ്നാട്ടിലെ ഒരു ലോക്കല്‍ ചാനലില്‍ വന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാക്കിക്കുപ്പായമിട്ട ഇയാള്‍ ഇന്ധനവിലയെ കുറിച്ച് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തമിഴിസൈ കതിറിന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ തന്റെ സംസാരം തുടര്‍ന്നു. കതിര് ചോദ്യം ആവര്‍ത്തിച്ചതോടെ നേതാവിനൊപ്പമുണ്ടായിരുന്ന അനുയായികള്‍ ഇയാളെ പിറകിലേക്ക് വലിച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം ആസ്വദിച്ച് തമിഴിസൈ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
'വിലക്കയറ്റം ഓട്ടോ ഡ്രൈവര്‍മ്മാരെ എങ്ങനെ ബാധിക്കും എന്ന് പറയാന്‍ മാത്രമായിരുന്നു എന്റെ ശ്രമം. പക്ഷേ, അവര്‍ അത് തെറ്റിദ്ധരിച്ചു. ഇതാണ് സംഭവിച്ചത്. കുറഞ്ഞത് ഒരു ദിവസം ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കുമായി മാത്രം ഞങ്ങള്‍ക്ക് 500 രൂപയോളം ചെലവ് വരുന്നുണ്ട്. ഇന്ധന വിലക്കയറ്റം അധികരിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ക്ക് ഓട്ടം കഴിഞ്ഞ് 350 രൂപയോളം മാത്രമേ ലഭിക്കുന്നുള്ളൂ' കതിര് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്നും അഥവാ അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നും തമിഴിസൈ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."