'ഫ്രാങ്കോയെ അറസ്റ്റ് ചെയ്യൂ; നാണംകെട്ട മൗനം വെടിയൂ'
കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രൊഫ. എം.എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. കോഴിക്കോട് മതേതര സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറിക്ക് സമീപമാരംഭിച്ച സമരം ഇന്നു രാവിലെ 10ന് അവസാനിക്കും. നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരാണു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്.
'ഒരു ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങേണ്ടി വരുന്നത് ഇന്ത്യയില്‍ ആദ്യ സംഭവമാണെന്നും ഈ സമരം ലോകശ്രദ്ധയില്‍ വരുന്നതാണെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു. കന്യാസ്ത്രീ മാനഭംഗത്തെക്കുറിച്ച് പരാതിനല്‍കി മൂന്നുമാസം പിന്നിട്ടിട്ടും അതിനെതിരേ പൊലിസ് സ്വീകരിച്ച നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ പിടികൂടാന്‍ 16 വര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം തിയറ്റര്‍ പീഡനക്കേസിലെ പ്രതിയെ പെട്ടന്നുതന്നെ പൊലിസ് അറസ്റ്റ് ചെയ്തു. സിനിമാ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ ഫ്രങ്കോയെ മാത്രം പൊലിസ് അറസ്റ്റ് ചെയ്യുന്നില്ല. സഭയുടെ വോട്ടുബാങ്കിനെ പേടിച്ചാണ് സര്‍ക്കാര്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആരുമില്ലാത്തവര്‍ക്ക് കൈത്താങ്ങ് നല്‍കുകയെന്നാണ് ഈ സമരം കൊണ്ട് ലക്ഷ്യമിടുന്നത്-അദ്ദേഹം പറഞ്ഞു.
മുന്‍ കന്യാസ്ത്രീയും ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകയുമായ സിസ്റ്റര്‍ മരിയ തോമസ് സമരം ഉദ്ഘാടനം ചെയ്തു. കന്യാവ്രതമെടുത്ത് സ്വയം ദൈവത്തില്‍ സമര്‍പ്പിച്ച സ്ത്രീയെ ബിഷപ്പ് പീഡനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ കുറ്റവാളി നിയമത്തിന്റെ പിടിയിലാകുന്നതിനു വേണ്ടിയുള്ള ഉണര്‍ന്നിരിപ്പാണ് ഈ സമരമെന്ന് അവര്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിനു കോഴിക്കോടിന്റെ പിന്തുണയാണിത്.
കണ്ണൂര്‍ ജില്ലയിലെ കര്‍ഷകദമ്പതികളുടെ മകളായ താന്‍ 15-ാം വയസില്‍ കന്യാവ്രതം സ്വീകരിച്ച് 20 വര്‍ഷം മഠത്തില്‍ കഴിഞ്ഞു. ഒടുവില്‍ മഠം വിട്ടിറങ്ങേണ്ടിവന്നു. മഠത്തിനു പുറത്തൊരു ജീവിതം സാധ്യമാകാത്തതിനാല്‍ എല്ലാം സഹിച്ചു കഴിയുന്നവരാണേറെയും. കന്യാസ്ത്രീ എത്രയോ തവണ പീഡിപ്പിക്കപ്പെട്ടിട്ടും ഇത്രയും കാലം എന്തുകൊണ്ട് പരാതി പറഞ്ഞില്ലെന്നു ചോദിക്കുന്നവര്‍ എന്താണു സഭ എന്നറിയാത്തവരാണ്.
വൈകിവരുന്ന നീതിനിഷേധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ ചിത്രകാരന്‍ സിഗ്‌നി ദേവരാജ് സമരപ്പന്തലിനു മുന്നില്‍ മുഖം കുനിച്ചിരിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം വരച്ചാണ് സമരത്തില്‍ പങ്കെടുത്തത്. ഫാ. ജെ.ജെ പള്ളത്ത്, കെ. അജിത, ഹമീദ് ചേന്ദമംഗലൂര്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഡോ. പ്രസാദ്, കാഞ്ചനമാല, വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."