സജലമായ സുജൂദുകള്‍ക്കിടയില്‍
പ്രണയത്തിന്റെ ഏറ്റവും പവിത്രമായ രൂപം പ്രാര്‍ഥനയാണ്. പ്രാര്‍ഥിക്കുന്നവനും പ്രാര്‍ഥിക്കപ്പെടുന്നവനും മാത്രമാകുന്ന മാത്രയിലാണ് പ്രണയം അതിന്റെ ഏറ്റവും ഉന്മാദ അവസ്ഥയില്‍ രൂപപ്പെടുന്നത്. പ്രണയമൊരു പ്രാര്‍ഥനയും ഞാനതിന്റെ ആല്‍ക്കമിയുമാകുമ്പോള്‍, എന്റെ മുസല്ലകള്‍ നിനക്കായുള്ള ഹുബ്ബിന്റെ തസവ്വുഫുകളാകുമെന്ന വരികള്‍ മാത്രം മതി പ്രണയാര്‍ദ്രമായ ആ പ്രാര്‍ഥനയുടെ ആഴം അളക്കാന്‍. പ്രണയാര്‍ദ്രമായ ഒരു പിടി പ്രാര്‍ഥനകളാല്‍ സൂഫിസത്തിന്റെ ഏറ്റവും ഉന്നത സീമകളിലേക്കാഴ്ന്നിറങ്ങി സുജൂദുകള്‍ സജലമാകുന്ന പ്രതിഭാസം വാക്കുകള്‍ കൊണ്ട് വരച്ചിടുകയാണ് ഫാത്തിമത്തുല്‍ വഹീദ 'സുജൂദുകള്‍ക്കിടയില്‍' എന്ന കവിതാ സമാഹാരത്തിലൂടെ. പുറന്താള്‍ക്കുറിപ്പില്‍ പവിത്രന്‍ തീക്കുനി വിശേഷിപ്പിക്കുന്നതു പോലെ നനഞ്ഞു പൊള്ളുന്നൊരു കാവ്യഭാഷ മാത്രമല്ല ഈ കവിതകളുടെ പ്രത്യേകത, ആത്മധ്യാനത്തിന്റെ ആഴങ്ങളില്‍ പൂക്കുന്ന ഉദാത്തവും മഹനീയവുമായ പ്രണയത്തെ വരച്ചു കാട്ടുന്നതാണ് ഫാത്തിമയുടെ കവിതകള്‍.
കോഴിക്കോട് ധ്വനി ബുക്‌സ് പ്രസിദ്ധീകരിച്ച 'സുജൂദുകള്‍ക്കിടയില്‍' ബിരുദ വിദ്യാര്‍ഥിനിയായ ഫാത്തിമയുടെ മൂന്നാമത്തെ പുസ്തകമാണ്. പ്ലസ് വണില്‍ പഠിക്കുമ്പോള്‍ പുറത്തിറക്കിയ 'മഴ ജീവിതം പോലെ'യും 2017 ല്‍ പ്രസിദ്ധീകരിച്ച 'കാറ്റുകവര്‍ന്ന കടലാസു തോണികളു'മാണ് ഫാത്തിമയുടെ മറ്റ് പുസ്തകങ്ങള്‍. പ്രകൃതി ചൂഷണവും ആധുനിക സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന മഴ ജീവിതവും നൊസ്റ്റാള്‍ജിയകളില്‍ വായനക്കാരനെ തളച്ചിടുന്ന കാറ്റുകവര്‍ന്ന കടലാസുതോണികളും ഒട്ടേറെ അഭിനന്ദനങ്ങളും നിരൂപക പ്രശംസയും ഫാത്തിമയ്ക്ക് നേടിക്കൊടുത്തിരുന്നു. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഫാത്തിമ സുജൂദുകള്‍ക്കിടയില്‍ സമീപിച്ചിരിക്കുന്നത്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ആശയവിനിമയത്തിന്റെ, ഇഷ്‌കിന്റെ, പ്രാര്‍ഥനയുടെയെല്ലാം മൂര്‍ത്തീഭാവങ്ങള്‍ സുജൂദുകള്‍ക്കിടയില്‍ നിന്ന് നമുക്ക് കണ്ടെത്താനാകും. കവിതയുടെ വഴികളില്‍ അടയാളം സൃഷ്ടിക്കാന്‍ ഈ വരികള്‍ക്കാവുമെന്ന പ്രസാധകരുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ ഫാത്തിമ പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചിട്ടുണ്ട്. പ്രണയത്തിന്റെ ധ്യാനത്തിലേക്കുള്ള ഈ അടയാളപ്പെടുത്തലില്‍ നിശബ്ദത വാചാലലമാകും വിധം വരികള്‍ വായനക്കാരനിലേക്ക് ഇരച്ചിറങ്ങുന്നുണ്ട്.
ആത്മാവ് വിളക്കാവുന്നിടത്ത്
ഒരു മുസല്ല നീ എനിക്കായി
കരുതണം
ഹൃദയത്തില്‍ നിന്നും
നിറം കൊണ്ട കണ്ണീര്‍
പ്പാടുകളാകെ
കഴുകി കളയാന്‍
ഒരു ജന്മത്തിന്റെ
കടം ബാക്കിയുണ്ട്.
പരിപൂര്‍ണതയുടെ ദിവ്യ നാദങ്ങള്‍ ആത്മാവിനാഴങ്ങളിലേക്ക് ഏറ്റുവാങ്ങാനായി പഞ്ചേന്ദ്രീയങ്ങളെ പ്രണയത്തിന്റെ മൂര്‍ത്തീഭാവമായ മൗലയിലേക്ക് സമര്‍പ്പിച്ചുകൊണ്ട് തുടങ്ങുന്ന വരികള്‍ ദിവ്യമായ ഇഷ്‌കിന്റെ പ്രപഞ്ചങ്ങള്‍ കാട്ടിത്തരികയാണ്. പരം പൊരുളിനെ ഹൃത്തടങ്ങളിലേക്ക് സന്നിവേശിപ്പിക്കാനാവും വിധം സ്ഫുടംചെയ്‌തെടുത്ത വെണ്ണക്കല്ലുപോലെ വിശുദ്ധമായ സുജൂദുകള്‍ ഇലാഹീ സ്മൃതിയില്‍ പലപ്പോഴും വാചാലമാകുന്നുണ്ട്. ദിക്‌റുകളിലേക്ക്, ദിവ്യസൂക്തങ്ങളിലേക്ക് മാത്രം വെളിച്ചം വീശുന്ന ദിവ്യപ്രകാശങ്ങളുടെ സുജൂദുകള്‍ പ്രണയത്തിന്റെ പരകോടിയിലേക്ക് വായനക്കാരനെ എത്തിക്കുന്നുണ്ട്. ഇലാഹിനോടുള്ള അടങ്ങാത്ത ഇഷ്ടമാണ് സൂഫിസത്തിന്റെ സീമകളിലേക്ക് സാധാരണക്കാരനെ എത്തിക്കുക. പ്രാര്‍ഥനകളുടെ ഉള്ളറകളിലെ പ്രകാശം ആ ഇഷ്‌കാണ് സൃഷ്ടിക്കപ്പെടുക.
അനന്തമായ വിഹായസിലേക്ക് ഉയര്‍ത്തപ്പെടുന്ന ആ ദിവ്യധാരകളാണ് സൂഫിയുടെ സംതൃപ്തി. പ്രണയിച്ച് കൊതി തീരാതെ വീണ്ടും ഇലാഹിലേക്ക് മാത്രം അടുക്കാനാഗ്രഹിക്കുന്ന, പരംപൊരുളിനെ മാത്രം ധ്യാനിച്ചിരിക്കുന്ന നിമിഷങ്ങളുടെ വിവരണം ഫാത്തിമത്തുല്‍ വഹീദ വിവരണാതീതമായി വിവരിച്ചിട്ടുണ്ട്. രാത്രിയുടെ മൂന്നാം യാമങ്ങളില്‍ ഇഷ്‌ക് പൂക്കുന്ന സൂഫിയുടെ ഹൃദയനാഡികള്‍ വിശുദ്ധമായ ആകാശ ചരിവുകളില്‍ നറുനിലാവ് പരത്തി പുഞ്ചിരിക്കുന്നതും ദിവ്യമായ സ്‌നേഹത്തിന്റെ ദര്‍ബാറുകള്‍ ഇരുണ്ട രാത്രികളുടെ പ്രണയിനിയാവുന്നതും സുജൂദുകള്‍ക്കിടയിലേക്ക് വായനക്കാരനെ പിടിച്ചിരുത്തുന്നു. എത്ര പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചിട്ടും പൂര്‍ണമാകാത്ത പരംപൊരുളിന്റെ പ്രകാശത്തെ തേടിയലയുന്ന തീര്‍ഥാടനങ്ങള്‍ സൂജൂദുകള്‍ക്കിടയില്‍ പലവുരു നടക്കുന്നുണ്ട്.
പരന്നൊഴുകുന്ന ഹുബ്ബിന്റെ പാതകള്‍ റൂഹിനകത്തൊരു പ്രാര്‍ഥനാകുടീരമായി ചേക്കേറുന്നതും ആത്മാര്‍പ്പണ നിമിഷങ്ങളില്‍ നീ ഞാനും ഞാന്‍ നീയുമായി മാറുന്നതും പ്രാര്‍ഥനയുടെ ഏറ്റവും വലിയ സമര്‍പ്പണമായ സുജൂദുകളില്‍ സംഭവിക്കുന്നത് വായനക്കാരന്‍ നേരിട്ടനുഭവിക്കുന്നു. ഇലാഹിലേക്കുള്ള വിശ്വാസിയുടെ യാത്രയില്‍ തനിച്ചാകുന്ന കാലടിപ്പാതകളെ ചേര്‍ത്തുനിര്‍ത്തി അവനോളമാഴത്തിലൊരു പ്രാര്‍ഥനയുടെ കടല്‍ ഒപ്പമുണ്ടെന്ന് പറയുന്ന വരികളില്‍ ഇലാഹീ സംരക്ഷണയുടെ പുതപ്പിലേക്ക് വിശ്വാസി ചേക്കേറുകയാണ്. പ്രണയവും പ്രാര്‍ഥനയും ദൈവമാണെന്ന തിരിച്ചറിവില്‍ ഓരോ യാമങ്ങളും വിശ്വാസി ജന്നാത്തിന്റെ താഴ്‌വാരങ്ങളിലേക്ക് അഭയം പ്രാപിക്കും. അവിടെ ഉടമയും അടിമയും എന്ന സങ്കല്‍പം മാറി ഞാനും നീയും എന്ന ആത്മനൊമ്പരമുപേക്ഷിച്ച് ഒരൊറ്റ ഉടലായി, ഒരൊറ്റ സങ്കല്‍പമായി ഹുബ്ബ് പൂത്തുലഞ്ഞ് ഏഴാമാകാശത്തിനപ്പുറം ലയിക്കുന്ന അനുഭൂതിനിറയുന്ന വായനാനുഭവമാണ് സുജൂദുകള്‍ക്കിടയില്‍.
ഏറെ ആകര്‍ഷിച്ച ഒരു കവിത കൂടി ഇതോടൊപ്പം ചേര്‍ക്കട്ടെ,
തിരമാലകള്‍ക്കിടയില്‍
നിന്റെ വിതുമ്പലുകളുണ്ട്
ആകാശക്കീറുകള്‍ക്കിടയില്‍
നിന്റെ നിലവിളികളുണ്ട്
നക്ഷത്രക്കൂട്ടങ്ങളില്‍
നീ നോക്കി ചിരിക്കുന്നുണ്ട്
മഴയായി വെയിലായി
നിലാവായി നീ എന്നും
നീ കൂടെ തന്നെയുണ്ട്
നീ എനിക്കാരാണ്
ആവോ... എനിക്കറിയില്ല!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."