കെ. ടെറ്റ് യോഗ്യത: നിയമനം അംഗീകരിക്കാത്തതിനാല്‍ അധ്യാപകര്‍ ദുരിതത്തില്‍
എടച്ചേരി: സ്‌കൂള്‍ അധ്യാപകരുടെ അധിക യോഗ്യതായ കെ. ടെറ്റ് പരീക്ഷ എഴുതിയെടുക്കാനുള്ള സമയം ദീര്‍ഘിപ്പിക്കാത്തതിനാല്‍ അംഗീകാരം ലഭിക്കാതെ കേരളത്തിലെ ഒരു വിഭാഗം അധ്യാപകര്‍ ദുരിതമനുഭവിക്കുന്നു.
നേരത്തെ പ്രൈമറി സ്‌കൂളുകളില്‍ ടി.ടി.സിയും ഹൈസ്‌കൂളുകളില്‍ ബി.എഡുമായിരുന്നു അടിസ്ഥാന യോഗ്യത. ഇവ രണ്ടിനും പുറമെ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ. ടെറ്റ്) എന്ന പേരില്‍ ഒരു പരീക്ഷ കൂടി പാസാകണമെന്ന നിയമം 2012- 13 അധ്യയനവര്‍ഷം മുതലാണ് പ്രാബല്യത്തില്‍ വന്നത്. കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഈ പരിഷ്‌കാരം അധ്യാപകര്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.
2012- 13 വര്‍ഷം മുതല്‍ ചേര്‍ന്ന മുഴുവന്‍ അധ്യാപകര്‍ക്കും കെ. ടെറ്റ് നിര്‍ബന്ധമാക്കിയെങ്കിലും സര്‍വിസിലുള്ളവര്‍ക്ക് ഈ യോഗ്യത നേടിയെടുക്കാന്‍ നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നാല്‍ 2019-20 അധ്യയന വര്‍ഷം കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഈ യോഗ്യത നേടാന്‍ സമയം അനുവദിച്ചുകൊടുത്തില്ല. ഇങ്ങനെ സമയദൈര്‍ഘ്യം ലഭിക്കാത്ത അധ്യാപകരാണ് ഇപ്പോള്‍ ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്നത്.
ഈ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കെന്ന നിബന്ധനയും യോഗ്യത നേടാന്‍ പ്രയാസമുണ്ടാക്കുന്നു. ഇന്ത്യയില്‍ മറ്റൊരു യോഗ്യതാ പരീക്ഷയ്ക്കും 60 ശതമാനം വേണമെന്ന നിബന്ധനയില്ലെന്ന് ഇവര്‍ പറയുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലും സാമാന്യ നീതി കണക്കിലെടുത്തും 2019- 20 അധ്യയനവര്‍ഷം എയ്ഡഡ് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്കു കൂടി കെ. ടെറ്റ് യോഗ്യത നേടാന്‍ സമയം അനുവദിക്കണമെന്നും അതോടൊപ്പം തന്നെ അവര്‍ക്ക് നിയമനാംഗീകാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാവണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു കാത്തിരിക്കുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."