മഞ്ഞള്‍ വനം പദ്ധതിയുമായി മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം
കൊടകര: പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ പഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം വീണ്ടും പുത്തന്‍ കാര്‍ഷിക പദ്ധതിയുമായി എത്തുന്നു. 'കദളീവനം', 'പൂഗ്രാമം' എന്നീ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനു ശേഷം 'മഞ്ഞള്‍ വനം' പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഈ സഹകരണ സംഘം. സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും 'തിരികെ വാങ്ങല്‍' പദ്ധതി പ്രകാരമാണ് മഞ്ഞള്‍ വനം പദ്ധതി ഒരുങ്ങുന്നത്. ഈ രീതിയില്‍ തന്നെ നടപ്പിലാക്കിയ കദളീവനം പദ്ധതിയും, ഔഷധവനം പദ്ധതിയും സംഘത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി തുടരുകയാണ്.
അതോടൊപ്പം പൂഗ്രാമം പദ്ധതിയുടെ തുടര്‍ച്ച നടപ്പാക്കാനൊരൊരുങ്ങുകയും ചെയ്യുന്നതിനിടെ ആണ് പുതിയ പദ്ധതി നിര്‍വഹണത്തിന് സംഘം തയ്യാറെടുക്കുന്നത്. കുടുംബശ്രീ വനിതകളിലൂടെയും കര്‍ഷക ഗ്രൂപ്പുകളിലൂടെയും മഞ്ഞള്‍വനം പദ്ധതി നടപ്പിലാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്ക് വേണ്ട വിത്തുല്‍പ്പാദനം, ഉല്‍പ്പാദന പദ്ധതി, സംഭരണം, വിപണനം എന്നിവ സംഘം നേരിട്ട് നിര്‍വ്വഹിക്കും. മൂന്നു ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം വേണ്ടത്ര വിത്തുല്‍പ്പാദിപ്പിക്കുക എന്നതാണ്. വിത്തുല്‍പ്പാദനത്തിനു ആവശ്യമായ മഞ്ഞള്‍ വിത്ത് രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി സംഘം ശേഖരിച്ചു കഴിഞ്ഞു.
സ്വദേശ വിദേശങ്ങളില്‍ ഏറെ പ്രിയങ്കരമായതും, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതുമായ 6.52 ശതമാനം കുര്‍കുമിന്‍ അടങ്ങിയ പ്രതിഭ എന്നയിനമാണ് സംഘം പദ്ധതിക്കായി തെരെഞ്ഞെടുത്തിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിന്റ പ്രഥമ ഘട്ടമായി വിത്തുല്‍പ്പാദനത്തിന് മൂന്നു ഏക്കര്‍ സ്ഥലത്തു മഞ്ഞള്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പും സംഘം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അടുത്ത മാസം വിത്തുല്‍പ്പാദനത്തിനുള്ള മഞ്ഞള്‍ കൃഷി ആരംഭിക്കും. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ഉല്‍പ്പാദനം വിഭാവനം ചെയ്തിട്ടുള്ളത്. കൃഷി ചെയ്യുന്നതിനുള്ള ഗുണഭോക്താക്കളെ തെരെഞ്ഞെടുത്ത് വിത്ത് വിതരണം ചെയ്യുക എന്നതാണ് രണ്ടാംഘട്ടം.
നമ്മുടെ നാട്ടില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് മഞ്ഞള്‍ കൃഷി ചെയ്യുന്നത്. ഡിസംബര്‍ അവസാനം മുതല്‍ മെയ് അവസാനം വരെയുള്ള സമയത്ത് വിളവെടുപ്പും നടക്കും. ഏഴു മാസമാണ് മഞ്ഞള്‍ കൃഷിക്ക് വിളവെടുപ്പിനു വേണ്ടത്.
350 ഓളം കര്‍ഷകരെ ഉള്‍പ്പെടുത്തി 50 ഏക്കറോളം സ്ഥലത്ത് മഞ്ഞള്‍ കൃഷി ചെയ്ത് 10 ലക്ഷം കിലോ പച്ച മഞ്ഞള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പ്രഥമ ഘട്ടത്തില്‍ സംഘം ലക്ഷ്യമിടുന്നത്. ഇതിനായി സംഘം സ്വന്തം മേല്‍നോട്ടത്തില്‍ ഉല്‍പാദിപ്പിച്ച വിത്ത് വിതരണം അടുത്ത ഡിസംബര്‍ മാസത്തില്‍ ആരംഭിക്കും.
അടുത്ത ജനുവരി മാസത്തില്‍ തന്നെ കര്‍ഷകര്‍ സംഘത്തിനായി മഞ്ഞളിന്റെ വാണിജ്യാവശ്യത്തിനായുള്ള കൃഷി ആരംഭിക്കും. മഞ്ഞളിന്റെ വിപണത്തിനായി ഔഷധി, കോട്ടക്കല്‍ ആര്യ വൈദ്യശാല, ശാന്തിഗിരി, സീതാറാം, വൈദ്യരത്‌നം തുടങ്ങിയ പ്രമുഖ ആയുര്‍വേദ മരുന്നുല്‍പ്പാദകരുമായി സംഘം ധാരണയായിട്ടുണ്ട്. ജൈവ മഞ്ഞള്‍ സംസ്‌കരിച്ച് മഞ്ഞള്‍പൊടി ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്ന പദ്ധതിയും സംഘം വിഭാവനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."