പാകിസ്താനോട് ഇനി പറയില്ല; പ്രവര്‍ത്തിച്ചു കാണിക്കുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനോട് ഇനി പറയില്ല, പ്രവര്‍ത്തിച്ചു കാണിക്കാനാണ് പോകുന്നത്, രാജ്‌നാഥ്‌സിങ് പറഞ്ഞു. പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതിഷേധം. ആരുടെ മുന്നിലും തല കുനിക്കാന്‍ സര്‍ക്കാര്‍ രാജ്യത്തെ പൗരന്‍മാരെ അനുവദിക്കില്ല.
പാകിസ്താന്റെ ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മിരിലെ കത്തുവ ജില്ലയില്‍ നടന്ന സാഹിതി ദിവസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം ആദ്യമാണ് രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കപ്പെട്ട രീതിയില്‍ അതിര്‍ത്തിയില്‍ കാണപ്പെട്ടത്. ഇന്ത്യയെ നശിപ്പിക്കാനായി നമ്മുടെ അയല്‍രാജ്യം ഭീകരവാദവുമായി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. അയല്‍ രാജ്യത്തെ മാറ്റാന്‍ നമുക്കാകില്ല. പകരം നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നമ്മള്‍ പ്രവര്‍ത്തിച്ച് കാണിക്കും. ഭീകരവാദം ധീരതയുടെ ആയുധമല്ല, മറിച്ച് ഭീരുത്വത്തിന്റേതാണെന്ന് പാകിസ്താന്‍ മനസിലാക്കണം. ഉറി ആക്രമണത്തിന് നമ്മുടെ സൈനികര്‍ എത്ര മനോഹരമായി തിരിച്ചടി നല്‍കി എന്ന് നാം കണ്ടതാണ്. കശ്മിരില്‍ കൊല്ലപ്പെട്ട സൈനികന്‍ ഉമര്‍ ഫയാസ് യുവാക്കള്‍ക്ക് മാതൃകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ ഐ.എസില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിക്കവെ ഏതെങ്കിലും യുവാക്കളെ കാണാതായിട്ടുണ്ടെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ മന്ത്രാലയത്തെ അറിയിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാവോവാദി ആക്രമണങ്ങളില്‍ 45 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്ന് രാജ്‌നാഥ്‌സിങ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."