ചിഹ്നത്തിന് വേണ്ടിയും തര്‍ക്കം നിരവധി
തൊടുപുഴ: കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയും പിളര്‍പ്പും പോലെതന്നെ ചിഹ്നത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങളും ചരിത്രത്തില്‍ ഇടംപിടിച്ചതാണ്.
തര്‍ക്കത്തെ തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ച സംഭവങ്ങള്‍ നിരവധിതവണ ഉണ്ടായി. 1964ല്‍ കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ കുതിരയായിരുന്നു ചിഹ്നം. 1979 വരെ കുതിര ചിഹ്നത്തിലാണ് പാര്‍ട്ടി മത്സരിച്ചത്. 1976ല്‍ കെ.എം മാണിയും കെ.എം ജോര്‍ജും തെറ്റിപ്പിരിഞ്ഞു. ഇരുവിഭാഗവും പേരിനും ചിഹ്നത്തിനും അവകാശവാദമുന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കുറച്ചുനാളത്തേക്ക് ചിഹ്നം മരവിപ്പിച്ചു.
1979ല്‍ പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് (ജെ) എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ കതിര ചിഹ്നം മാണി കൊണ്ടുപോയി. പകരം ജോസഫിന് ആന കിട്ടി. 1984ല്‍ മാണിയും ജോസഫും ഒന്നിച്ചപ്പോള്‍ ആന ചിഹ്നം ജോസഫ് ഉപേക്ഷിച്ചു. പിന്നീട് ഒന്നിച്ച കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നം മാണിയുടെ കുതിരയായി. വീണ്ടും പിരിഞ്ഞപ്പോള്‍ കുതിര ജോസഫ് സ്വന്തമാക്കിയെങ്കിലും മാണി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി കുതിര മരവിപ്പിച്ചു.
1989-91 കാലഘട്ടത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന മേനകാ ഗാന്ധി മൃഗങ്ങളെ തെരെഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കരുതെന്ന നിയമം കൊണ്ടുവന്നു. ജോസഫ് കുതിരയ്ക്ക് പകരം സൈക്കിള്‍ ചിഹ്നമായി സ്വീകരിച്ചപ്പോള്‍ മാണിക്ക് രണ്ടില കിട്ടി.
മാണിയില്‍ നിന്ന് പി.സി തോമസ് പിരിഞ്ഞപ്പോള്‍ ചിഹ്നം കൊണ്ടുപോകാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. മാണിയും മകനും രണ്ടിലയില്‍ മുറുകെപ്പിടിച്ചു. 2003ല്‍ ജോസഫ് ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്നപ്പോള്‍ സൈക്കിള്‍ കിട്ടിയില്ലെങ്കില്‍ ടയറെങ്കിലും പഞ്ചറാക്കിയിട്ടേ പോകൂ എന്ന ഉറച്ച നിലപാട് പി.സി ജോര്‍ജ് സ്വീകരിച്ചെങ്കിലും ഉദയസൂര്യന്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഒടുവില്‍ ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ സൈക്കിള്‍ ചിഹ്നം ഇല്ലാതായി. ഇടതുമുന്നണിയില്‍ ബര്‍ത്ത് ലഭിച്ച കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം സൈക്കിളിനായി ആഞ്ഞുപിടിച്ചെങ്കിലും വിലപ്പോയില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൈക്കിള്‍ ചിഹ്നം മരവിപ്പിച്ചു. തങ്ങള്‍ മത്സരിച്ച സൈക്കിള്‍ ചിഹ്നം മറ്റൊരു പാര്‍ട്ടിക്ക് അനുവദിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും അതിനാല്‍ മരവിപ്പിക്കണമെന്നുമുള്ള ജോസഫിന്റെ ആവശ്യപ്രകാരമായിരുന്നു കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചത്.
ഇതിനെതിരേ പി.സി തോമസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും ഡിവിഷന്‍ ബെഞ്ചിനെയും സമീപിച്ചെങ്കിലും സൈക്കിള്‍ നിരത്തിലിറക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ പി.സി തോമസിന് കസേര കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."