സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ കൈകോര്‍ത്ത് ജി 20 രാജ്യങ്ങള്‍
ടോക്കിയോ: കടലിനെ ശ്വാസംമുട്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരവുമായി ജി.20 രാജ്യങ്ങള്‍. ജപ്പാനില്‍ നടന്ന ജി.20 രാജ്യങ്ങളിലെ പരിസ്ഥിതി- ഊര്‍ജ മന്ത്രിമാരുടെ യോഗത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ധാരണയായത്. ഇതിനായി ആവിഷ്‌കരിച്ച പദ്ധതികളുടെ പുരോഗതി വര്‍ഷത്തില്‍ ഒരിക്കല്‍ അറിയിക്കണം. നവംബറിലായിരിക്കും ആദ്യ യോഗം.
ചൈനയും മറ്റു രാജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതോടെ പ്ലാസ്റ്റിക് മലിനീകരണം ഒരു ആഗോള പ്രശ്‌നമായിരിക്കുകയാണ്. ജപ്പാനുള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക് കുമിഞ്ഞുകൂടുന്നത് വലിയ വിപത്തായി കാണുന്നു. മൈക്രോപ്ലാസ്റ്റിക്കിലെ ഉപദ്രവകരമായ രാസവസ്തുക്കള്‍ മല്‍സ്യങ്ങള്‍, പക്ഷികള്‍, മറ്റു ജീവികള്‍ എന്നിവയുടെ നാശത്തിന് കാരണമായിക്കൊണ്ടിരിക്കുകയാണ്. ഇവ വെള്ളത്തില്‍ കലര്‍ന്നാല്‍ വേര്‍തിരിച്ചെടുക്കുക പ്രയാസമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നു സമുദ്രത്തെ രക്ഷിക്കാനുള്ള ഈ ശ്രമത്തില്‍ വികസിത രാഷ്ട്രങ്ങളോടൊപ്പം വികസ്വര രാജ്യങ്ങളെയും ഭാഗഭാക്കാക്കാന്‍ യോഗം തീരുമാനിച്ചു.
ഇത് ആദ്യ ഘട്ടം മാത്രമാണെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ജപ്പാന്റെ ഹിരോകി ഒഡാക്കി പറഞ്ഞു.
ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഒമ്പതു ശതമാനം മാത്രമേ പുനരുപയോഗത്തിനായി റീസൈക്കിള്‍ ചെയ്യുന്നുള്ളൂ. എന്നാല്‍ കമ്പനികള്‍ ഉല്‍പാദനം കുറച്ചുകൊണ്ടുവരുകയും ഉപഭോക്താക്കള്‍ ഉപഭോഗം കുറയ്ക്കുകയും ചെയ്യുക മാത്രമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിനുള്ള പരിഹാരമായി വിദഗ്ധര്‍ പറയുന്നത്.
ഒരിക്കല്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കുറയ്ക്കുമെന്ന് ജി.20 രാജ്യങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഒഡാക്കി ആവശ്യപ്പെട്ടു. കാലാവസ്ഥ സംബന്ധിച്ച് പാരീസ് ഉടമ്പടിയിലുള്ള പോലെ കൃത്യമായ അന്താരാഷ്ട്ര നിയമങ്ങള്‍ ഇതിനായി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാസ്റ്റിക് ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതിനായി പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബിസിനസ് നിരക്കു ചുമത്തുമെന്ന് വ്യവസായമന്ത്രി ഹിരോഷിഗെ സീക്കൊ പറഞ്ഞു. നിരവധി രാജ്യങ്ങള്‍ ഒരിക്കല്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് അധിക നികുതി ചുമത്തുകയോ അവ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. ഈമാസം ജപ്പാനിലാണ് ജി.20 ഉച്ചകോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."