ബാലുശ്ശേരിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലിസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട് : ബാലുശ്ശേരിയില്‍ നേപ്പാള്‍ സ്വദേശികളുടെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി പൊലിസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ അറസ്റ്റിലായ ഉണ്ണികുളം നെല്ലിപ്പറമ്പില്‍ രതീഷ് (32) ആണ് ആത്മഹത്യാശ്രമം നടത്തിയത്. പൊലിസ് സ്റ്റേഷന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ രതീഷിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ സംസ്ഥാന ബാലാവകാശ കമ്മിഷന് അംഗങ്ങള്‍ ആയ കെ.നസീര്‍, ബി. ബബിത എന്നിവര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടിയെ രാവിലെ 11-ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സന്ദര്‍ശിച്ചത്.
സംഭവത്തില്‍ കമ്മിഷന് സ്വമേധയാ കേസെടുത്ത് നോട്ടീസ് അയച്ചിരുന്നു.
നേപ്പാള്‍ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ ആറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വഴക്കിട്ട് കുട്ടിയുടെ അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്കുപോയി.
രാത്രി ഇവരെ അന്വേഷിച്ച് അച്ഛന് പോയ സമയത്താണ് പ്രതി വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയത്ത് നാലും രണ്ടും വയസ്സുള്ള ഇളയ സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പീഡനത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."