ഫണ്ട് വിഹിതത്തെ ചൊല്ലി വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കൈയാങ്കളി
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വികസന സെമിനാറില്‍ ഫണ്ട് വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കം വാക്കേറ്റത്തിനും കൈയാങ്കളിക്കുമിടയാക്കി. സി.പി.എം അംഗങ്ങളുടെ ഡിവിഷനുകളിലേക്ക് പദ്ധതിയില്‍ തുക വകയിരുത്തിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. രാവിലെ 11നാണ് സെമിനാര്‍ ആരംഭിച്ചത്. പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ 2017-18 വാര്‍ഷിക പദ്ധതിയുടെ കരടുരേഖ അംഗീകരിക്കലായിരുന്നു അജന്‍ഡ.
വാര്‍ഷിക പദ്ധതിയില്‍ മുഴുവന്‍ തുകയും യു.ഡി.എഫ് അംഗങ്ങളുടെ ഡിവിഷനുകളിലേക്കാണ് വകയിരുത്തിയതെന്നും കരട് പദ്ധതിയില്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ട് സി.പി.എം അംഗം കാപ്പില്‍ ജോയി രംഗത്തെത്തി. എന്നാല്‍ ആശംസാ പ്രസംഗത്തിന് ശേഷം മാത്രമേ ചര്‍ച്ചക്ക് അനുമതി നല്‍കുകയുള്ളുവെന്ന് ഭരണപക്ഷം നിര്‍ബന്ധം പിടിച്ചു. ഇതോടെ സെമിനാറില്‍ പങ്കെടുക്കാനെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധമാരംഭിച്ചു.
വാക്കേറ്റത്തില്‍ തുടങ്ങി ഒടുവില്‍ അടിയുടെ വക്കോളമെത്തിയപ്പോള്‍ പൊലിസ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ പങ്കെടുപ്പിച്ച് എസ്.ഐ.പി ചന്ദ്രന്റെ നേതൃത്വത്തില്‍ സമവായത്തിന് ശ്രമിച്ചെങ്കിലും ഇരുപക്ഷവും നിലപാടില്‍ നിന്ന് പിറകോട്ട് പോയില്ല. ബി.ഡി.ഒ വന്നതിന് ശേഷം വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന ഉറപ്പിലാണ് യോഗം അവസാനിച്ചത്.
വികസന സെമിനാര്‍ കര്‍മ സമിതി അംഗങ്ങളെ മുഴുവന്‍ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിപക്ഷ അംഗങ്ങളുടെ ഡിവിഷനുകളിലേക്ക് എസ്.സി.ഫണ്ട് മാത്രമാണ് അനുവദിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.
കരട് പദ്ധതി യു.ഡി.എഫ് ഏകപക്ഷീയമായി തയാറാക്കിയതാണെന്നും മെയ് 11 ന് നടന്ന ഭരണസമിതി യോഗത്തില്‍ ഇതിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങളായ അനില്‍ നിരവില്‍, കാപ്പില്‍ ജോയ് എന്നിവര്‍ പറഞ്ഞു.
എന്നാല്‍ സെമിനാര്‍ കര്‍മ സമിതി അംഗങ്ങളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് തന്നെയാണ് കരട് പദ്ധതി തയാറാക്കിയതെന്നും ഇത് ഭരണസമിതി യോഗം അംഗീകരിച്ചതാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയ, വൈസ് പ്രസിഡന്റ് തെന്നാടാന്‍ ഉമ്മര്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ സെമിനാര്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷ അംഗങ്ങള്‍ ആളെക്കൂട്ടി വരികയായിരുന്നെന്നും വനിതാ അംഗങ്ങള്‍ക്കെതിരെ കയ്യേറ്റ ശ്രമം ഉണ്ടായെന്നും വികസന സ്ഥിരംസമിതി അധ്യക്ഷന്‍ പി.അബ്ദുല്‍കരീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."