ജല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്‍ എം എല്‍ എ അറസ്റ്റില്‍
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. IPC 420, 34 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊവിഡ് ടെസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ നിർദേശ പ്രകാരമാണെന്നും എം.സി കമറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും ഖമറുദ്ദീനെ അറസ്റ്റ് ചെയ്യുമെന്നും ചോദ്യം ചെയ്യലിന് ശേഷം എഎസ്പി വിവേക് കുമാര്‍ അറിയിച്ചിരുന്നു.
ചന്ദേര പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരേ 109 വഞ്ചനാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
800 നിക്ഷേപകരില്‍നിന്നായി 132 കോടി രൂപയോളം തട്ടിയെടുത്തെന്ന ആരോപണമാണ് ജ്വല്ലറിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ചെയര്‍മാനായി 2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
മുസ്ലിം ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളേ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
---------------------------------------------------------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."