ഐ.ഡി.എം.ഐ ഗ്രാന്റ്: സമയം നീട്ടണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഐ.ഡി.എം.ഐ ഗ്രാന്റിന് അപേക്ഷിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഓഫ് മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (ഐ.ഡി.എം.ഐ) പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിച്ച കാര്യം വളരെ വൈകിയാണ് പ്രഖ്യാപിച്ചത്. ഇതു കാരണം സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ സമയം ലഭിക്കില്ലെന്ന പരാതി ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. നിരവധി സ്ഥാപനങ്ങള്‍ ഗ്രാന്റിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ വളരെ വേഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗ്രാന്റിനായി ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിനാല്‍ ഇതിനുള്ള സമയപരിധി നീട്ടണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറയും ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഫണ്ടനുവദിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ ഇനി മൂന്നു ദിവസം മാത്രമേയുള്ളൂ. ഗ്രാന്റിനുദ്ദേശിക്കുന്ന നിര്‍മാണ പ്രവൃത്തിയുടെ പ്ലാന്‍, തദ്ദേശ സ്വയംഭരണവകുപ്പ് എന്‍ജിനീയറുടെ അംഗീകാരത്തോടെ ഇതിനുള്ള എസ്റ്റിമേറ്റ് എന്നിവ തയാറാക്കി നിശ്ചിത ദിവസത്തിനകം അപേക്ഷിക്കാന്‍ പ്രയാസമാവുമെന്നാണ് സ്ഥാപന ഭാരവാഹികള്‍ പറയുന്നത്. അപേക്ഷ തയാറാക്കാന്‍ ആഴ്ചകളെടുക്കുമെന്നതിനാല്‍ അര്‍ഹരായ സംസ്ഥാനത്തെ പല സ്ഥാപനങ്ങള്‍ക്കും ഗ്രാന്റിന് അപേക്ഷിക്കാനാകില്ല.
ന്യൂനപക്ഷ സ്ഥാപനങ്ങളായ അണ്‍ എയ്ഡഡ്, എയ്ഡഡ്, പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് അധികമായി ക്ലാസ് മുറികള്‍ നിര്‍മിക്കാനും ലൈബ്രറി, സയന്‍സ്, കംപ്യൂട്ടര്‍ ലാബുകള്‍, കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ക്കുമാണ് ഐ.ഡി.എം.ഐ ഗ്രാന്റ് അനുവദിക്കുന്നത്. ഗ്രാന്റിനുള്ള അപേക്ഷ നല്‍കുന്നത് സംബന്ധിച്ച ഹെല്‍പ് ഡസ്‌ക് ഇന്ന് 11 മണിക്ക് കോഴിക്കോട് ഇസ്്‌ലാമിക് സെന്ററില്‍ നടക്കും. ഫോണ്‍: 9447097209.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."