ശാപമോക്ഷം കാത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: നാലു പഞ്ചായത്തുകളിലെയും കൊയിലാണ്ടി നഗരസഭയിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രി അസൗകര്യങ്ങള്‍ക്ക് നടുവില്‍. രണ്ടായിരത്തോളം പേര്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്ന ഇവിടം ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
രാവിലെ ഒന്‍പതോടെ ഒ.പിയില്‍ പരിശോധന ആരംഭിക്കുന്നുെണ്ടങ്കിലും ഉച്ചകഴിഞ്ഞും പരിശോധന പൂര്‍ത്തിയാക്കാനാകാതെ ഡോക്ടര്‍മാര്‍ പ്രയാസപ്പെടുകയാണ്. ആകെയുള്ള 20 ഡോക്ടര്‍മാരില്‍ അവധിയില്‍ പോയവരും ഓഫ് ഡ്യൂട്ടിയിലുള്ളവരും കഴിഞ്ഞാല്‍ 10 ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിക്കെത്തുന്നത്.
ഇവരില്‍ പകുതി പേര്‍ മാത്രമാണ് ഒ.പിയിലെത്തുന്നത്. ഒ.പി സമയത്തിനിടയില്‍ ഒരു ഡോക്ടര്‍ക്ക് പരമാവധി 40 രോഗികളെ മാത്രമെ പരിശോധിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ 200ല്‍ അധികം രോഗികളെ മൂന്നു മണിക്കൂറിനുള്ളില്‍ പരിശോധന നടത്തേണ്ട അവസ്ഥയിലാണ് ഓരോ ഡോക്ടര്‍മാരും. ഇത് രോഗികള്‍ക്ക് മതിയായ ചികിത്സ കിട്ടാതെയാക്കുന്നു.
പരിശോധനക്കിടയില്‍ തന്നെ ലാബ് എക്‌സ്‌റേ റിസല്‍ട്ടുകളും ഈ ഡോക്ടര്‍മാര്‍ തന്നെ നോക്കണം. ഇത് ഒ.പിയുടെ താളം തെറ്റിക്കുന്നു. അപകടങ്ങള്‍ നിത്യസംഭവമായ കൊയിലാണ്ടി ദേശീയപാതയിലെ ഏക പ്രധാന ആശുപത്രി എന്ന നിലയില്‍ അപകടത്തില്‍പെടുന്നവരെയും ഇവിടെ പ്രവേശിപ്പിക്കുന്നുണ്ട്. ഒ.പിയിലുള്ള ഡോക്ടര്‍മാര്‍ തന്നെ ഇത്തരം കേസുകളും കൈകാര്യം ചെയ്യേണ്ടി വരുന്നു. സേവന തല്‍പരരായ ഡോക്ടര്‍മാരുടെയും യോഗ്യരായ നഴ്‌സുമാരുടെയും മികച്ച ലാബ് ടെക്‌നീഷ്യന്മാരുടെയും സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഇവര്‍ നല്ല രീതിയില്‍ ആശുപത്രിയെ മുന്നോട്ട് നയിക്കുന്നു. എന്നാല്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണ്. കൂടുതല്‍ ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍സ്, ഐ.ടി ലാബ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ ആശുപത്രിയാക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ഉയര്‍ത്തുക മാത്രമേ ഇതിന് പരിഹാരമുള്ളൂ. ഈ ആവശ്യത്തിന് നീണ്ട കാലത്തെ പഴക്കമുണ്ടെങ്കിലും മാറി വരുന്ന സര്‍ക്കാരുകളും ആരോഗ്യവകുപ്പും ഇപ്പോഴും തീരുമാനത്തിലെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."