ഓപ്പറേഷന്‍ ഒളിംപ്യയില്‍ പരിശീലകരാവാനില്ലെന്ന് ഒ.പി ജെയ്ഷ
തിരുവനന്തപുരം: ഭരണസമിതിയുടെ ആഡംബരത്തിനായി ഫണ്ടുകള്‍ ധൂര്‍ത്തടിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒളിംപ്യന്‍ ഒ.പി ജെയ്ഷ ഉള്‍പ്പടെ കായിക താരങ്ങളെ പറഞ്ഞു പറ്റിച്ചു. കേരളത്തിലെ ഭാവി താരങ്ങളെ പരിശീലിപ്പിക്കാനുള്ള ഒളിംപ്യന്‍മാരുടെ മോഹത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിഹാസം. സ്ഥിരം നിയമനം മോഹിച്ച് എത്തിയ ഒ.പി ജെയ്ഷ ഉള്‍പ്പടെ കായിക താരങ്ങളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാക്കുമാറ്റി.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് എത്തിയ ഒ.പി ജെയ്ഷയോട് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ നിയമനം നല്‍കൂവെന്ന് സെക്രട്ടറി സഞ്ജയന്‍ കുമാര്‍ വ്യക്തമാക്കി. പരിശീലക സ്ഥാനത്തേക്ക് ഒ.പി ജെയ്ഷ, പി.അനില്‍കുമാര്‍, പി.ടി പൗലോസ് എന്നിവരെയാണ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിഗണിച്ചത്. ദേശീയ, രാജ്യാന്തര മത്സരങ്ങളിലെ മൂവരുടെയും മികവ് മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം.
ഇവരെ ഉടന്‍ തന്നെ പരിശീലകരായി നിയമിക്കുമെന്ന അറിയിപ്പും താരങ്ങള്‍ക്ക് കൗണ്‍സില്‍ നല്‍കി. ജന്‍മനാട്ടില്‍ സ്ഥിരനിയമനം പ്രതീക്ഷിച്ചിരുന്ന മൂവരെയും കാത്തിരുന്നത് പക്ഷെ നിരാശപ്പെടുത്തുന്ന തീരുമാനം. കരാര്‍ അടിസ്ഥാനത്തില്‍ പരിശീലക ആവാനില്ലെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനം നിരാശപ്പെടുത്തിയെന്നും ഒ.പി ജെയ്ഷ പറഞ്ഞു. കേരളത്തിലേക്ക് പരിശീലകയാകാന്‍ എത്തുന്നത് പ്രതിസന്ധികളെ അവഗണിച്ചാണ്. എന്നാല്‍, ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോയാല്‍ കായികവികസനം എങ്ങനെ ലക്ഷ്യത്തില്‍ എത്തുമെന്ന് ജെയ്ഷ ചോദിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കായിക മന്ത്രിയെ നേരിട്ടു കാണാനുള്ള തീരുമാനത്തിലാണ് ജെയ്ഷ. ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കി.
എ.സി മുറി വേണമെന്നല്ല ആവശ്യപ്പെടുന്നത്. ഭാവി കായിക പ്രതിഭകളെ വെയിലത്ത് നിന്ന് പരിശീലിപ്പിക്കാനുള്ള അവസരമാണ് ചോദിക്കുന്നതെന്നും ജെയ്ഷ വ്യക്തമാക്കി. റെയില്‍വേയില്‍ സ്ഥിരം ജീവനക്കാരിയായ ജെയ്ഷ ആ ജോലി രാജിവെച്ച് കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകയാകാന്‍ എത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. ഓപ്പറേഷന്‍ ഒളിംപ്യയുടെ ഭാഗമായാണ് കൂടുതല്‍ പരിശീലനം നല്‍കാന്‍ ഒളിംപ്യന്‍മാരെ പരിശീലകരായി നിയമിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചത്. ജില്ലകള്‍ തോറും ടാലന്റ് ഹണ്ട് നടത്തി മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് മൂവരുടെയും ചുമതലയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."