മന്ത്രി കെ.ടി ജലീലിന്റെ പി.എച്ച്.ഡിക്കെതിരായ പരാതി; തുടര്‍നടപടിയ്ക്ക് ഗവര്‍ണറുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ പി.എച്ച്.ഡി.ക്കെതിരായ പരാതിയില്‍ തുടര്‍നടപടിക്ക് ഗവര്‍ണറുടെ നിര്‍ദേശം. പരാതി കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പരിശോധനയ്ക്കു ഗവര്‍ണര്‍ കൈമാറി.
നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരത്തെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബന്ധം വിദഗ്ധസമിതിയെക്കൊണ്ട് പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി സമിതിയാണ് പരാതി നല്‍കിയത്. 2006ലാണ് കെ.ടി ജലീല്‍ ചരിത്രത്തില്‍ പി.എച്ച്.ഡി നേടിയത്.
മലബാര്‍കലാപത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസലിയാരുടെയും പങ്ക് എന്ന വിഷയത്തിലാണ് പ്രബന്ധം. എന്നാല്‍ പ്രബന്ധത്തില്‍ ഉദ്ധരണികള്‍ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് പരാതിയിലെ ആരോപണം.
പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പ്രബന്ധത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."