മഹല്ലുകള്‍ എങ്ങനെ സ്വയംപര്യാപ്തമാക്കാം
ദാനധര്‍മങ്ങള്‍ക്കും പരസ്പരസഹായ സഹകരണങ്ങള്‍ക്കും ഏറെ പ്രചോദനം നല്‍കിയ മതമാണ് ഇസ്‌ലാം. ധനത്തിന്റെ നിശ്ചിത അളവ് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ നിര്‍ബന്ധമാക്കിയ മതം കൂടിയാണ് ഇസ്‌ലാം. വിഹിതം കൊടുക്കാന്‍ വിസമ്മതിക്കുന്നവരില്‍ നിന്നു ബലമായി പിടിച്ചെടുക്കാനും വേണ്ടിവന്നാല്‍ അവരോട് യുദ്ധം ചെയ്യാനും മുസ്‌ലിം ഭരണകൂടത്തോട് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്ത്. സകാത്ത് കൊടുക്കാന്‍ അര്‍ഹതപ്പെട്ടവര്‍ നിയമാനുസൃതം ആയത് നിര്‍വഹിക്കാന്‍ തയാറായാല്‍ സമുദായത്തിനകത്ത് നിന്നു ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും. ആ നിലക്കാണ് സകാത്ത് നിര്‍വഹണരീതി ഇസ്‌ലാം ആസൂത്രണം ചെയ്തത്.
ഇസ്‌ലാമിക ഭരണകൂടങ്ങള്‍ക്ക് നിലവിലുള്ള രാഷ്ട്രങ്ങളില്‍ അത് നടപ്പാക്കാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ നമ്മുടേതു പോലുള്ള സെക്യുലര്‍ ഭരണകൂടമുള്ള നാടുകളില്‍ ഇസ്‌ലാമിന്റെ സാമൂഹ്യകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ക്ക് ഈ രംഗത്ത് ചിലതൊക്കെ ചെയ്യാന്‍ കഴിയേണ്ടതാണ്. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ഏപ്രില്‍ 26,27 തിയതികളില്‍ തൃശൂരില്‍ സംഘടിപ്പിച്ച നാഷണല്‍ ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സില്‍ സകാത്ത് ദാനം കാര്യക്ഷമമാക്കുന്നതുള്‍പ്പെടെയുള്ള പല വിഷയങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യുകയും പരമാവധി മഹല്ലുകളിലൂടെ അവ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
സകാത്ത്
മഹല്ല് കമ്മിറ്റിയുടെ കീഴില്‍ മഹല്ലിലെ ജനങ്ങളുടെ പൂര്‍ണസ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. (ഇല്ലാത്തിടങ്ങളില്‍ അതുണ്ടാക്കണം). സകാത്തിന്റെ അവകാശികളായ ഫഖീര്‍, മിസ്‌കീന്‍, കട ബാധ്യതക്കാരന്‍ തുടങ്ങിയവരുടെ തരം തിരിച്ചുള്ള പട്ടികതന്നെ ഉണ്ടായിരിക്കണം. മഹല്ലിലെ സകാത്ത് ദായകരുടെ പേര് വിവരവും അവര്‍ വഴി ശേഖരിക്കാവുന്ന സംഖ്യയുടെ കണക്കും നിശ്ചയിക്കപ്പെടുന്ന വ്യക്തി ഏകദേശ കണക്കെടുത്തിരിക്കും. ഇതിനായി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പ്രാപ്തരായ അംഗങ്ങളുള്‍ക്കൊള്ളുന്ന സ്‌ക്വാഡ് ഉണ്ടാക്കാവുന്നതാണ്. വര്‍ഷം തികയുമ്പോള്‍ സകാത്ത് ദായകര്‍ക്ക് അര്‍ഹരെ പരിക്കണിക്കാനും കണക്കെടുപ്പ് അനിവാര്യമാണ്. ഇത് മുന്‍കൂട്ടി നടത്തിയിരിക്കണം.
സകാത്ത് വാങ്ങാന്‍ അര്‍ഹതപ്പെട്ടവരില്‍ വിവിധ കഴിവുള്ളവരും വ്യത്യസ്ത തരത്തിലുള്ളവരുമുണ്ടാകും. വിദ്യാഭ്യാസമുള്ളവര്‍ക്ക് അനുയോജ്യമായ ജോലി തരപ്പെടുത്തിക്കൊടുത്താല്‍ ജീവിതം പ്രയാസമില്ലാതെ മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയും. തൊഴിലുപകരണങ്ങള്‍ കിട്ടിയാല്‍ ജീവിതം കരപറ്റിക്കാന്‍ മറ്റു ചിലര്‍ക്ക് പ്രയാസമുണ്ടാവില്ല. ചെറിയ ചെറിയ കച്ചവടങ്ങളോ വ്യവസായ യൂനിറ്റുകളോ ഉണ്ടാക്കിക്കൊടുത്താന്‍ അത് വിജയകരമായി കൊണ്ടുപോകാന്‍ വേറെ ചിലര്‍ക്ക് കഴിഞ്ഞേക്കും. മീന്‍കട, കോഴിക്കട, ചായക്കട, പച്ചക്കറിക്കട, മൊബൈല്‍ ഫോണ്‍ ഷോപ്പ്, ടൈപ്പിങ് സെന്റര്‍ മുതലായവ വലിയ മുടക്കില്ലാതെ നടത്താന്‍ കഴിയുന്നവയാണ്. വലിയ കച്ചവടങ്ങള്‍ പലരും ചേര്‍ന്ന് നടത്താന്‍ സാധിക്കുമല്ലോ. ഏത് കുടുംബത്തിനും നടത്താവുന്ന കുടില്‍ വ്യവസായങ്ങള്‍ പലതമുണ്ട്. ഇതിനൊക്കെ മുതല്‍മുടക്കാനോ മാര്‍ഗംദര്‍ശനം നല്‍കാനോ ആളില്ലാത്തതാണ് പ്രശ്‌നം. ഈ ഉത്തരവാദിത്വമാണ് മഹല്ല് ജമാഅത്ത് ഏറ്റെടുക്കേണ്ടത്.
ഒരു ഓട്ടോറിക്ഷ കിട്ടിയാല്‍ കുടുംബം പുലര്‍ത്താമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ നമുക്കിടയിലില്ലേ? ഇത്തരക്കാരെ വട്ടിപ്പലിശക്കാരുടെ അടുത്തേക്ക് നാം അയക്കുകയാണോ വേണ്ടത്? ചെറുകിട കച്ചവടങ്ങളും വ്യവസായ യൂനിറ്റുകളും തുടങ്ങാന്‍ കടം നല്‍കുന്ന വിവിധ ഏജന്‍സികള്‍ നാട്ടില്‍ ധാരാളമുണ്ട്. പക്ഷേ, അവയെല്ലാം ഇസ്‌ലാം കഠിനമായി വിലക്കിയ പലിശയിലധിഷ്ഠിതമായ ഇടപാടുകളാണ്. ചെറുപ്പക്കാര്‍ ലഹരിക്കടിമയായി പോകുന്നതും മറ്റു അനിസ്‌ലാമിക പ്രവര്‍ത്തനങ്ങളിലേക്ക് കൂപ്പകുത്തുന്നതുമെല്ലാം മഹല്ല് കമ്മിറ്റിയും ഖതീബുമൊക്കെ വികാര ഭരിതമായി പറയാറുണ്ട്. അതേ ഗൗരവത്തില്‍ തന്നെ കാണേണ്ട ഒരു നിഷിദ്ധകാര്യമല്ലേ പലിശ? ഈ ശാപം നാട്ടില്‍ പടര്‍ന്ന് നമ്മുടെ വീടിന്റെ അകത്തളങ്ങളില്‍ വിലസുകയാണ്. അതിനെക്കുറിച്ച് ക..മ പറയാനോ അതിന്റെ നീരാളിപ്പിടിത്തം ഇല്ലായ്മ ചെയ്യാനോ നാം മുതിരാതെ പോകുന്നത് അപകടകരമാണ്. ഈ അപകടം നാട്ടില്‍ നിന്നു പിഴുതെറിയാന്‍ നമ്മുടെ സകാത്ത് പദ്ധതിക്കും അതുപോലെ എസ്.എം.എഫിന്റെ, സുന്ദൂഖ്, ആശ്വാസ് പദ്ധതികള്‍ക്കും സാധിക്കും.
സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ വിവിധ മഹല്ലുകളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സുന്ദൂഖ് പലിശരഹിത വായ്പാ സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിലൂടെ നിലവിലെ സാമ്പത്തിക പരാധീനതകള്‍ക്ക് ഒരളവോളം പരിഹാരം കാണാം. വ്യക്തികള്‍ക്കിടയില്‍ പരസ്പര സഹായ മനസ്‌കതയും സഹകരണ മനോഭാവവും വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. ഇസ്‌ലാം അനുവദിച്ച രീതിയിലുള്ള സമ്പാദ്യശീലവും സാമ്പത്തിക അച്ചടക്കവും സാമൂഹിക ബോധവും ഉണ്ടാക്കിയെടുക്കാനും ഇതു വഴിയൊരുക്കും. പലിശയുടെ ഊരാക്കുടുക്കിലകപ്പെട്ട പുതിയ സാഹര്യങ്ങളെ ഇല്ലാതാക്കാനും അതിനെ നിരുത്സാഹപ്പെടുത്താനും ഇതിലൂടെ നമുക്കാവും. മാത്രവുമല്ല, പലിശ രഹിത നിക്ഷേപങ്ങള്‍ക്ക് വേദിയൊരുക്കാനും സുന്ദൂഖ് പദ്ധതി വഴിതെളിക്കും.
ഫെഡറേഷന്റെ മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ് ആശ്വാസ്. മഹല്ലുകളില്‍ സമഗ്ര സര്‍വ്വേ നടത്തി പാവപ്പെട്ടവരുടെയും നിര്‍ധനരുടെയും പട്ടിക തയ്യാറാക്കുകയും അവരുടെ മക്കളുടെ വിവാഹത്തിനും രോഗികളുടെ ചികിത്സാചെലവിനും വിധവകളുടെ ജീവിത ചെലവിനും ആവശ്യമായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്.
മഹല്ല് ജമാഅത്തിന്റെ ഇടപെടല്‍
സകാത്ത് ദായകരും അവര്‍ നല്‍കാന്‍ ബാധ്യതയുള്ള തുകയും അതുപ്രകാരം സകാത്ത് സ്വീകരിക്കാന്‍ അര്‍ഹതപ്പെട്ടവരും അവരുടെ താല്‍പര്യവും പ്രാപ്തിയുമെല്ലാം ശേഖരിച്ച മഹല്ല് കമ്മിറ്റി മേല്‍ രണ്ട് കക്ഷികളേയും കൂട്ടിഘടിപ്പിക്കുകയും സ്വീകര്‍ത്താവിന്റെ ആവശ്യം നിറവേറ്റാന്‍ വേണ്ട തുക തന്റെ സകാത്തില്‍ നിന്ന് കൊടുക്കുവാന്‍ നിര്‍ദേശിക്കുകയും സ്വീകര്‍ത്താവിന് അതുപയോഗപ്പെടുത്താന്‍ വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് വേണ്ടത്.
ഒരു ദായകന്റെ വിഹിതം തികയാതെ വന്നാല്‍ മറ്റു ദായകനെകൂടി ഉപയോഗപ്പെടുത്താം. ഇപ്രകാരം എല്ലാ മഹല്ല് കമ്മിറ്റികളും രംഗം കൈകാര്യം ചെയ്താല്‍ സ്വീകര്‍ത്താക്കളുടെ പട്ടിക ചെറുതായി വരുമെന്ന കാര്യത്തില്‍ സംശയമില്ല. തുടര്‍ച്ചയായി ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ദാരിദ്ര്യമുക്ത മഹല്ലുകളുടെ പട്ടികയില്‍ ഇടം നേടാനും കഴിയും.
ഇന്ന് നിലവിലുള്ള സമ്പ്രദായത്തില്‍ ലക്ഷ്യബോധമില്ലാതെയുള്ള വിതരണമാണ് നടക്കുന്നത്. യാചനയാണ് ഇതുമൂലം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. യാചകന്‍മാരെ സൃഷ്ടിക്കുന്നതിനു പകരം യാചന ഇല്ലായ്മ ചെയ്യാനാണ് സകാത്ത് ഇസ്‌ലാം നിര്‍ബന്ധമാക്കിയത്. എട്ടു അവകാശികളെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്ന രീതിയില്‍ വിതരണം നടത്തണമെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വരുന്നവര്‍ക്ക് ചില്ലറകള്‍ കൊടുത്ത് സായൂജ്യമടയുകല്ല ദായകര്‍ വേണ്ടത്. എന്നാല്‍ കമ്മിറ്റിയുണ്ടാക്കി അതു മുഖേന ചിലര്‍ നടത്തുന്ന സകാത്ത് വിതരണ രീതി പലകാരണങ്ങളാലും ശറഇനു വിരുദ്ധമാണ്. മഹല്ല് ഫെഡറേഷന്റെ കീഴില്‍ പള്ളിഖത്തീബുമാരെയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത് ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെ ഉല്‍ബുദ്ധരാക്കാനാണ്.
(സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."