ബാലഭാസ്‌കറിന്റെ മരണം: അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിലെ ദുരൂഹത നീക്കാന്‍ അപകടം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച് സംഘം. അപകടം നടന്ന പള്ളിപ്പുറത്ത് ഇന്നലെ രാവിലെ പതിനൊന്നിനാണ് ക്രൈംബ്രാഞ്ച് സംഘം, മോട്ടര്‍ വാഹന വകുപ്പ്, ഫോറന്‍സിക് വിഭാഗം, വാഹനത്തിന്റെ കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംയുക്തമായി അപകടം പുനരാവിഷ്‌കരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് മൊഴികളില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നതിന് ഇത്തരത്തിലൊരു പരിശോധനക്ക് അന്വേഷണം സംഘം മുതിര്‍ന്നത്.
കഴക്കൂട്ടം ദേശീയപാതയില്‍ വാഹന ഗതാഗതം തടഞ്ഞശേഷം മംഗലപുരത്ത് നിന്ന് നൂറു കിലോമീറ്റര്‍ വേഗതയിലെത്തിയ ഇന്നോവ റോഡിന് എതിര്‍വശത്ത്, ബാലഭാസ്‌കറിന്റെ വാഹനം ഇടിച്ചു കയറിയ അതേ മരത്തിന് മുന്‍പിലേക്ക് വെട്ടിച്ച് സഡന്‍ ബ്രേക്കിടുകയായിരുന്നു. ഈ സാഹചര്യത്തില്‍ വാഹനത്തിലെ യാത്രക്കാരുടെ ചലനങ്ങള്‍ എങ്ങനെ, സീറ്റ് ബെല്‍റ്റുകള്‍ക്ക് എന്തുസംഭവിക്കും തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം വിശകലനം ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉദ്യോഗസ്ഥരും കാര്‍ കമ്പനി പ്രതിനിധിയുമായിരുന്നു വാഹനത്തിനുള്ളില്‍. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വാഹനത്തില്‍ അന്വേഷണസംഘവും ഫോറന്‍സിക് വിദഗ്ധരും വീണ്ടും പരിശോധന നടത്തുകയും വാഹനത്തിന്റെ സീറ്റ് ബെല്‍റ്റ് പരിശോധനക്കായി കൊണ്ടുപോവുകയും ചെയ്തു. അപകട സമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നതെന്നതില്‍ ഇതോടെ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."